സത്യപ്രതിജ്ഞയിൽ വ്യത്യസ്‌തരായി കർണാടക മന്ത്രിമാർ, ഗോമാതാവിന്‍റെ നാമത്തിലും പ്രതിജ്ഞ

Webdunia
ബുധന്‍, 4 ഓഗസ്റ്റ് 2021 (19:39 IST)
സത്യപ്രതിജ്ഞ ചടങ്ങിൽ സ‌ഗൗരവമായും ദൈവനാമത്തിലുമെല്ലാം സത്യപ്രതിജ്ഞ ചൊല്ലുന്നത് രാജ്യത്ത് പതിവാണ്. എന്നാൽ ഈ പതിവുകളെ തെറ്റിച്ച് ഗോമാതാവിന്‍റെയും കര്‍ഷകരുടെയും പേരില്‍ വരെ സത്യപ്രതിജ്ഞ ചെയ്‌ത് വ്യത്യസ്‌തരായിരിക്കുകയാണ് കർണാടകയിലെ മന്ത്രിമാർ.
 
ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിലാണ് സംഭ‌വം. മൃഗസംരക്ഷണ വകുപ്പു മുന്‍മന്ത്രി പ്രഭു ചൗഹാനാണ് ഗോമാതാവിന്‍റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം വിജയനഗര വിരൂപാക്ഷയുടെയും അമ്മയുടെയും ഭുവനേശ്വരി ദേവിയുടെയും പേരിൽ ആനന്ദ് സിങ് സത്യവാചകം ചൊല്ലി. ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി, കര്‍ഷകരുടെയും ദൈവത്തിന്റെയും പേരിലാണ് സത്യപ്രതിജ്ഞ നടത്തിയത്.
 
അതേസമയം മന്ത്രിസഭയിൽ മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനെ ഉൾപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമായി. ജൂലൈ 28-നാണ് കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരെ നിശ്ചയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article