നടൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഇന്നു മധുരയിൽ. വൈകിട്ട് അഞ്ചിന് ഒത്തക്കട മൈതാനിയിൽ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ കൊടി പുറത്തിറക്കും. ആറരയ്ക്ക് പൊതുയോഗവും നടക്കും. 8.10ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന കമല്‍ പാർട്ടിയുടെ പേരും ആശയവും വ്യക്തമാക്കുകയും കൊടി പുറത്തിറക്കുകയും ചെയ്യും.
യോഗത്തില്‍ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ റാലിയെ അഭിസംബോധന ചെയ്യും. രാമേശ്വരത്തു നിന്നാണ് ‘നാളൈ നമത്’ എന്ന് പേരിട്ട രാഷ്ട്രീയ പര്യടനം കമല്‍ ആരംഭിക്കുക.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രമുഖരായ ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി, എംകെ സ്റ്റാലിന്‍ വിജയകാന്ത്, രജനികാന്ത് എന്നിവരെ കമല്‍ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ബിജെപി നേതാക്കളെ അദ്ദേഹം ഒഴിവാക്കിയത് ശ്രദ്ധേയമായി.