എട്ടാമത് അന്താരാഷ്ട്ര വനിതാ കോണ്‍ഫറന്‍സില്‍ (ഐ ഡബ്ല്യു സി) വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച 500ലധികം വനിതകള്‍ പങ്കെടുക്കും. ‘ജീവിതം: നിഗൂഢമായ ഒരു യാത്ര’ എന്ന് പേരിട്ട കോണ്‍ഫറന്‍സ് ഫെബ്രുവരി 23 മുതല്‍ 25 വരെ ബംഗലൂരുവിലെ ആര്‍ട്ട് ഓഫ് ലിവിങ് ഇന്‍റര്‍നാഷണല്‍ സെന്‍ററിലാണ് നടക്കുന്നത്.
വ്യക്തിപരമായ മുന്നേറ്റവും കൂട്ടായ പ്രവര്‍ത്തനവും എന്നിങ്ങനെ രണ്ട് അനുപമമായ ലക്‍ഷ്യങ്ങളാണ് ഐ ഡബ്ല്യു സിയ്ക്ക് ഉള്ളത്. ലോകമെമ്പാടുമുള്ള വനിതാ നേതാക്കള്‍ക്കിടയില്‍ പങ്കാളിത്തം സൃഷ്ടിക്കുകയും നേതൃത്വശേഷിയുടെ വികസനവുമാണ് പ്രധാനമായും നടക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ, മന്‍ ദേശി ബാങ്കിന്‍റെയും ഫൌണ്ടേഷന്‍റെയും സ്ഥാപക ചെയര്‍പേഴ്സണായ ചേതന ഗാല സിന്‍ഹ, നടി റാണി മുഖര്‍ജി, പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ, നടി മധൂ ഷാ, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, സൈദ്ധാന്തിക ഊര്‍ജ്ജതന്ത്രജ്ഞ അഡ്രിയാന മറൈസ്, പ്രൊഫസര്‍ മൈത്രി വിക്രമസിംഗെ തുടങ്ങിയവര്‍ വനിത കോണ്‍ഫറന്‍സിലെ പ്രധാനികളാണ്.
“ഈ കോണ്‍ഫറന്‍സ് സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശം പകരുന്നതാണ്. അക്രമരഹിതവും സംഘര്‍ഷമില്ലാത്തതുമായ ഒരു സമൂഹത്തിനായി വനിതകള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം” - ഐ ഡബ്ല്യു സിയുടെ ചെയര്‍ പേഴ്സണായ ഭാനുമതി നരസിംഹന്‍ പറഞ്ഞു.
ഒരു സമൂഹത്തിന്‍റെ വികസനത്തിന് വനിതകളുടെ പങ്കാളിത്തം എന്നത് സുപ്രധാനമായ കാര്യമാണെന്ന് ആര്‍ട്ട് ഓഫ് ലിവിങിന്‍റെ സ്ഥാപകനായ ശ്രീ ശ്രീ രവിശങ്കര്‍ വ്യക്തമാക്കി. 2015 മുതല്‍ ആരംഭിച്ച ഈ കോണ്‍ഫറന്‍സില്‍ 5500 ഡെലിഗേറ്റുകളും 375 പ്രഭാഷകരും പങ്കെടുത്തിട്ടുണ്ട്.
തുറന്ന പ്രദേശത്തെ മലവിസര്‍ജ്ജനം ഇല്ലാത്ത ഇന്ത്യയെ സൃഷ്ടിക്കുക എന്നതും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് ലക്‍ഷ്യമിടുന്ന പ്രധാന കാര്യമാണ്. ആദ്യഘട്ടത്തില്‍ ഇതുസംബന്ധിച്ച ബോധവത്കരണം നടത്തുകയും രണ്ടാം ഘട്ടത്തില്‍ 4000 ടോയ്‌ലറ്റുകള്‍ സൃഷ്ടിക്കുകയുമാണ് പദ്ധതി.