എന്താണ് ദൃഷ്ടി ദോഷം ? ദൃഷ്ടി ദോഷം ദോഷമായി മാറുമോ ?

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (15:27 IST)
മിക്ക വീടുകളിലും അമ്മമാരും മുത്തശ്ശിമാരുമെല്ലാം ചെയ്യുന്ന ഒന്നാണ് കടുകും മുളകും ഉഴിഞ്ഞിടുക എന്നത്. എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ചോദിച്ചാല്‍, ദൃഷ്ടിദോഷം മാറാനാണെന്ന ഉത്തരമായിരിക്കും അവര്‍ നല്‍കുക. എന്നാല്‍ എന്താണ് ദൃഷ്ടി ദോഷം ? നമ്മുടെ നാടന്‍ ഭാഷയില്‍ കണ്ണേറു തട്ടുക എന്നാണ് ഇതിനെ പറയുക. സാധാരണയായി കുട്ടികള്‍ക്കാണ് കണ്ണേറു തട്ടുന്നതിന് ഉഴിഞ്ഞിടുന്നത്. ദൃഷ്ടി ദോഷം മാറാന്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
 
കുഞ്ഞിനെ കണ്ട് ആരെങ്കിലും ‘നല്ല ഓമനത്തമുള്ള കുഞ്ഞ്’ എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ കുഞ്ഞിന് കടുകും മുളകും തലക്കു മീതെ ഉഴിഞ്ഞിടുന്ന ഒരു ശീലമുണ്ട്. ഇത് ഇന്നും തുടര്‍ന്ന് പോരുന്ന ഒന്നാണ്. കണ്‍ ദോഷത്തെ പ്രതിരോധിക്കാന്‍ ഇത്തരം ഉഴിഞ്ഞിടലിലൂടെ കഴിയുമെന്നും പലരും വിശ്വസിക്കുന്നു. ഉഴിഞ്ഞിടുന്നതിനു പകരമായി ചിലര്‍ കണ്ണേറു പാട്ട് നടത്താറുണ്ട്. ഇതിലൂടേയും ദൃഷ്ടി ദോഷം മൂലമുള്ള എല്ലാ അസ്വസ്ഥതകളേയും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. 
 
ഗര്‍ഭിണികള്‍ക്ക് കണ്ണേറു മാറുന്നതിനും ഇത്തരത്തിലുള്ള ചില വിദ്യകള്‍ പണ്ട് കാലത്തുണ്ടായിരുന്നു. അരിയും ഭസ്മവും മന്ത്രിച്ചിടല്‍, തിരിയുഴിയല്‍ എന്നിങ്ങനെയുള്ളവയായിരുന്നു അത്. കണ്ണേറു ദോഷം മാറാന്‍ കറുത്ത ചരട് മന്ത്രിച്ച് കെട്ടുന്ന ശീലവും നിലവിലുണ്ട്. ഇത്തരത്തില്‍ മന്ത്രിച്ച ചരട് കുട്ടികളുടെ അരയിലോ കൈത്തണ്ടയിലോ കെട്ടുന്നതിലൂടെ കണ്ണേറു ദോഷം മാറുമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഉപ്പ്, കുരുമുളക് പൊടി, പച്ചവെള്ളം എന്നിവ ഉപയോഗിച്ച് കൊതിക്ക് ഊതുന്ന ശീലവും നിലനില്‍ക്കുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍