Navratri: നവരാത്രിക്ക് പിന്നിലുള്ള ഐതീഹ്യം എന്ത്?

അഭിറാം മനോഹർ

ഞായര്‍, 21 സെപ്‌റ്റംബര്‍ 2025 (14:58 IST)
ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മതപരമായ ഉത്സവങ്ങളില്‍ ഒന്നാണ് നവരാത്രി. ഒന്‍പത് രാത്രികളിലായി ദേവിയുടെ വിവിധ രൂപങ്ങളെ ആരാധിക്കുന്ന ഈ ഉത്സവം, അസുരശക്തികളെതിരെ ദേവിയുടെ വിജയത്തെയാണ് അനുസ്മരിക്കുന്നത്. നവരാത്രി വെറും ആചാരപരമായ ചടങ്ങുകളല്ല, മറിച്ച് വിശ്വാസം, പുരാണം, ഭക്തി, ആത്മീയത എല്ലാം ഒരുമിച്ചു ചേര്‍ന്ന മഹോത്സവമാണ് ഹിന്ദുക്കള്‍ കൊണ്ടാടുന്നത്.
 
മഹിഷാസുരന്‍ എന്ന അസുരന്‍, ദേവന്മാരെ തോല്‍പ്പിച്ച് ലോകം കീഴടക്കിയപ്പോള്‍, ബ്രഹ്‌മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിവര്‍ ചേര്‍ന്ന് ദുര്‍ഗ്ഗാദേവിയെ സൃഷ്ടിച്ചൂ. ഒന്‍പത് ദിവസത്തെ മഹായുദ്ധത്തിനുശേഷം മഹിഷാസുരനെ ദേവി സംഹരിച്ചതായാണ് ഐതീഹ്യം. അതിനാല്‍, നവരാത്രി ദുര്‍ഗ്ഗയുടെ ദുഷ്ടശക്തികളെതിരായ വിജയത്തിന്റെ അനുസ്മരണമാണ്.
ചില പുരാണങ്ങള്‍ പ്രകാരം, നവരാത്രി രാമായണത്തോടും ബന്ധപ്പെട്ടിരിക്കുന്നു. രാമന്‍, രാവണനെതിരെ യുദ്ധത്തിനിറങ്ങുന്നതിന് മുമ്പ് ദേവിയെ ആരാധിച്ച് വിജയം പ്രാപിച്ചു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നവരാത്രിയുടെ അവസാന ദിവസം ആഘോഷിക്കുന്ന വിജയദശമി, 'ധര്‍മ്മം ദുഷ്ടതയെ ജയിക്കുന്നു' എന്ന ആശയം ഉറപ്പിക്കുന്ന ദിനമാണ്.
 
 
ഹിന്ദുക്കള്‍ക്ക് നവരാത്രി ആത്മീയശക്തിയും മാനസികശക്തിയും വര്‍ധിപ്പിക്കുന്ന കാലഘട്ടം എന്നാണ് കരുതുന്നത്. ദേവി ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ മൂന്ന് മുഖ്യരൂപങ്ങളെ ആരാധിക്കുന്നത് ജീവിതത്തിലെ മൂന്നു അടിസ്ഥാന ഘടകങ്ങളെയാണ് പ്രതിനിധീകരിക്കുന്നത് - ശക്തി (ദുര്‍ഗ്ഗ), സമ്പത്ത് (ലക്ഷ്മി), ജ്ഞാനം (സരസ്വതി). ഭക്തര്‍ വിശ്വസിക്കുന്നത്, ഈ ഒന്‍പത് ദിവസങ്ങളിലും ദേവി ഭക്തരുടെ വീടുകളില്‍ വസിക്കുകയും, അവരുടെ ജീവിതത്തില്‍ നിന്നും ദുരിതങ്ങളെ നീക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.നവരാത്രി കാലത്ത് ഉപവാസം, ജപം, ദേവീ മഹാത്മ്യം പാരായണം, കുമാരി പൂജ, ദുര്‍ഗ്ഗാലയങ്ങളില്‍ പ്രത്യേക പൂജകള്‍ എന്നിവ നടത്തപ്പെടുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ രീതികളില്‍ നവരാത്രി ആഘോഷിക്കപ്പെടുന്നുവെങ്കിലും, ദേവിയുടെ വിജയം, ആത്മശുദ്ധി, ദൈവികാനുഭവം എന്നിവയാണ് ഈ ഉത്സവത്തിന്റെ പ്രധാന സന്ദേശം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍