നവരാത്രി - ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. യഥാര്‍ത്ഥത്തില്‍ അഞ്ച് നവരാത്രികള്‍ ഉണ്ടെങ്കിലും മൂന്നെണ്ണം മാത്രമേ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുള്ളൂ. നവരാതിയോടനുബന്ധിച്ചാണ് പൂജവെയ്പ്പ് നടത്തുക. എങ്ങിനെയാണ് പൂജവെയ്പ്പ് നടത്തുകയെന്ന് നോക്കാം.
പൂജവെയ്പ്പ് വീടുകളിലും ക്ഷേത്രങ്ങളിലും സാധാരണയായി നടക്കുന്നു. പൊതുവേ ക്ഷേത്രങ്ങളിലാണ് കൂടുതല്‍ പേര്‍ പൂജയ്ക്കായി വെയ്ക്കാറുള്ളത്. കുട്ടികള്‍ അവരുടെ പഠനോപകരണങ്ങള്‍ - പുസ്തകങ്ങള്‍, പേന, പെന്‍സില്‍ തുടങ്ങിയവ പൂജയ്ക്ക് സമര്‍പ്പിക്കണം. മുതിര്‍ന്നവര്‍ തങ്ങളുടെ തൊഴില്‍ സംബന്ധമായ ഉപകരണങ്ങളും, ഭഗവദ് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം പോലുള്ള പുണ്യഗ്രന്ഥങ്ങളും പൂജയ്ക്ക് വെയ്ക്കാറുണ്ട്. വീടുകളില്‍ പൂജ നടത്തുമ്പോള്‍ ആദ്യം പൂജാമുറി ശുദ്ധിയാക്കണം. പഴയ വസ്തുക്കളും കരിന്തിരി, ചന്ദനതിരി പൊടി മുതലായ അവശിഷ്ടങ്ങളും മാറ്റി വൃത്തിയാക്കണം. ശുദ്ധജലത്തില്‍ ഫോട്ടോകളും സാമഗ്രികളും തുടച്ചുതിളക്കമുള്ളതാക്കണം.
ഗണപതി, സരസ്വതി, മഹാലക്ഷ്മി എന്നിവരുടെ ചിത്രങ്ങള്‍ തറയില്‍ നേരിട്ട് വെക്കാതെ, പീഠത്തില്‍ അല്ലെങ്കില്‍ ശുദ്ധമായ മറ്റേതെങ്കിലും ഉപകരണത്തില്‍ വെക്കണം. നടുവില്‍ സരസ്വതിയെയും, വലതു ഭാഗത്ത് ഗണപതിയെയും, ഇടതു ഭാഗത്ത് മഹാലക്ഷ്മിയെയും സ്ഥാപിക്കുക. മൂന്ന് ദേവീദേവന്മാര്‍ക്കും മാലയും പൂക്കളും അര്‍പ്പിക്കണം. അഞ്ചുതിരിയുള്ള നിലവിളക്ക് കത്തിക്കുകയും, ചന്ദനതിരി, സമ്പ്രാണി മുതലായവ തെളിയിക്കുകയും വേണം. തുടര്‍ന്ന് പുതിയ ബെഡ്ഷീറ്റ്, പായ, അല്ലെങ്കില്‍ പേപ്പര്‍ വിരിച്ച് പൂജയ്ക്കായി വെയ്ക്കുന്ന വസ്തുക്കള്‍ അതിന്മേല്‍ അണിയിക്കുക.
ഒരു കിണ്ടിയില്‍ ശുദ്ധജലം നിറച്ച് വലതു കൈകൊണ്ട് മൂടി, ഇടതു കൈ മുകളില്‍ വെച്ച് 'ഗംഗേ ച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നര്‍മ്മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധം കുരു' എന്ന മന്ത്രം ചൊല്ലി തീര്‍ത്ഥമായി സങ്കല്‍പിക്കുക. തുളസിയില കൊണ്ട് പുസ്തകങ്ങള്‍ക്കും സാമഗ്രികള്‍ക്കും തളിച്ച് ശുദ്ധിവരുത്തണം. നിവേദ്യം അര്‍പ്പിച്ച് പൂജ ചെയ്ത ശേഷം കര്‍പ്പൂരം തെളിയിച്ച് ആരതി കാണിക്കണം.
അടുത്ത ദിവസങ്ങളിലും രാവിലെയും വൈകീട്ടും ഇതേ രീതിയില്‍ പൂജ തുടരും. വിജയദശമി ദിനത്തില്‍ പൂജാമുറി മാലപുഷ്പങ്ങളാല്‍ അലങ്കരിക്കണം. ഇരുവശത്തും കരിമ്പ് വെക്കുകയും, പായസം, അവില്‍, മലര്‍, ശര്‍ക്കര, പഴം മുതലായ നിവേദ്യങ്ങള്‍ അര്‍പ്പിക്കുകയും വേണം.
ശേഷം സരസ്വതി മന്ത്രങ്ങള്‍ ചൊല്ലുകയും, ശ്രീലളിത അഷ്ടോത്തരശതനാമാവലിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും വേണം. പൂജ പൂര്‍ത്തിയാക്കിയ ശേഷം കര്‍പ്പൂരം തെളിച്ച് ആരതി നടത്തി, പൂജയ്ക്കുവെച്ച വസ്തുക്കള്‍ കൈപ്പറ്റുക. അരിയില്‍ 'ഹരിശ്രീഗണപതയേ നമ: അവിഘ്‌നമസ്തു ശ്രീ ഗുരുഭ്യോ നമ:' എന്ന് വലതു ചൂണ്ടുവിരല്‍ കൊണ്ട് എഴുതി, ഗണപതിയെയും വിദ്യാദേവിയെയും ധ്യാനിച്ച് പഠനോപകരണങ്ങളില്‍ ഒന്നെടുത്ത് വായിക്കുക. ബുദ്ധിയും വിജ്ഞാനവും ലഭിക്കണമെന്നുള്ള പ്രാര്‍ത്ഥനയോടെ നമസ്‌കരിച്ച് പൂജ സമാപിപ്പിക്കാം