16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

അഭിറാം മനോഹർ

വെള്ളി, 17 മെയ് 2024 (17:58 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിരമിക്കലില്‍ പ്രതിസന്ധിയിലായി സംസ്ഥാന ധനവകുപ്പ്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ 9,000 കോടി രൂപയാണ് ഈ മാസം സംസ്ഥാനം കണ്ടെത്തേണ്ടതായി വരിക. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.  ഈ മാസം ആദ്യം മുതല്‍ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാണ്.
 
 നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ പെന്‍ഷന്‍ വിതരണം അതാത് മാസം തന്നെയുണ്ടാകുമെന്ന് ബജറ്റ് പ്രഖ്യാപനമുണ്ടായെങ്കിലും ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല. അതിനിടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. 16,000ത്തോളം ജീവനക്കാരാണ് ഈ മാസം സര്‍വീസില്‍ നിന്നും പടിയിറങ്ങുന്നത്. ആനുകൂല്യങ്ങള്‍ തീര്‍ത്ത് കൊടൂക്കാനായി 9,000 കോടിയോളം രൂപ സംസ്ഥാനം ഇതോടെ കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ ക്ഷേമപെന്‍ഷന്‍ കൂടി ചേര്‍ന്നാല്‍ ആറ് മാസത്തെ കുടിശികയും സംസ്ഥാനത്തിന് മുന്നിലുണ്ട്. ഈ ഘട്ടത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാല്‍ ഇതിനെ പറ്റി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ധനവകുപ്പ് നല്‍കുന്ന വിശദീകരണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍