ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതുമായി ബന്ധപ്പെട്ട് എന്‍ ഡി ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ ജെ എന്‍ യു വിദ്യാര്‍ഥിക്കെതിരെ പൊട്ടിത്തെറിച്ച് അര്‍ണബ് ഗോസ്വാമി. ജെ എന്‍ യുവില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തില്‍ ദേശദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് വിദ്യാര്‍ഥിക്കെതിരെ അര്‍ണബ് രോഷാകുലനായത്.
‘ഹനുമന്തപ്പയെപ്പോലുള്ള സൈനികര്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുമ്പോള്‍ രാജ്യത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും അനുഭവിച്ചു കൊണ്ട് രാജ്യത്തെ തള്ളിപ്പറയുന്ന ഇത്തരം വിദ്യാര്‍ഥികള്‍ രാജ്യത്തിന് അപമാനമാണ്’ - ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അര്‍ണബ് പറഞ്ഞു.
അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിച്ച ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കണ്ടാല്‍ തിരിച്ചറിയാവുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്.
അഫ്സല്‍ ഗുരു ഭരണകൂടഭീകരതയുടെ ഇരയാണെന്നാരോപിച്ച് തൂക്കിലേറ്റിയതിന്റെ മൂന്നാം വാര്‍ഷികദിനമായ ഫെബ്രുവരി 9നായിരുന്നു ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാ വിദ്യാര്‍ഥികള്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് 2013 ഫെബ്രുവരി ഒമ്പതിനാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.
ആദ്യം പരിപാടിക്ക് അനുമതി നല്‍കിയ സര്‍വകലാശാല പിന്നീട് എബിവിപി പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് അനുമതി റദ്ദാക്കുകയായിരുന്നു. സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തില്‍ ഇന്ത്യാവിരുദ്ധ പ്രകടനം നടത്തിയെന്ന് ആരോപിച്ച് ബിജെപി എം പിയും എബിവിപി പ്രവര്‍ത്തകരും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്.
രാജ്യദ്രോഹക്കുറ്റം, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.