കാണാതായ ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബിന്റെ മാതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ത്യാഗേറ്റിനടുത്ത് നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ നജീബിന്റെ അമ്മയും എത്തിയിരുന്നു. പരിപാടിക്കിടെ ആയിരുന്നു നജീബിന്റെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നജീബിനെ കണ്ടെത്തുന്നതിലെ പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ ആയിരുന്നു 200 ഓളം വരുന്ന ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. നജീബിനെ മാതാവിനെ കൈക്ക് പിടിച്ച് വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. രണ്ടു യുവതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വനിതാപൊലീസുകാർ വേണമെന്നിരിക്കെ പുരുഷ പൊലീസുകാരാണ് യുവതികളെ കസ്റ്റഡിയില്‍ എടുത്തതെന്ന് സമരക്കാരിലൊരാളായ ശാഹിദ് റാസ പറഞ്ഞു. അതേസമയം, ഇന്ത്യാഗേറ്റിനു സമീപം നാലുപേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും സെക്ഷന്‍ 144 അനുസരിച്ചാണ് പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുത്തതെന്നുമാണ് പൊലീസിന്റെ വാദം.
ജെ എന്‍ യുവിലെ ബയോടെക്നോളജി വിദ്യാർത്ഥിയായിരുന്ന നജീബിനെ ഒക്ടോബർ 14 മുതലാണ് കാണാതായത്.