ജെറ്റ് എയര്‍വേസില്‍ കാബിന്‍ ക്രൂ ഒഴിവിലേക്ക് അപേക്ഷ അയച്ചിരുന്നു; എന്നാല്‍ നല്ല വ്യക്തിത്വമില്ലെന്ന് പറഞ്ഞ് ജോലി നിഷേധിച്ചെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (17:02 IST)
വ്യക്തിത്വമില്ലെന്ന കാരണം പറഞ്ഞ് ജെറ്റ് എയര്‍വേസ് തനിക്ക് ജോലി നിഷേധിച്ചെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ്ദാന ചടങ്ങില്‍ ആയിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തലുകള്‍.
 
ചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു ജോലി തേടിനടന്ന കാലത്തെ ഓര്‍മ്മകള്‍ സ്മൃതി ഇറാനി പങ്കുവെച്ചത്. ജെറ്റ് എയര്‍വേസില്‍ കാബിന്‍ ക്രൂ ഒഴിവിലേക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍, വ്യക്തിത്വമില്ലെന്ന പേരില്‍ ജോലി ലഭിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.
 
എന്നാല്‍, അന്ന് ജോലി നിഷേധിച്ച ജെറ്റ് എയര്‍വേസിന് നന്ദിയുണ്ടെന്ന് പറഞ്ഞ മന്ത്രി  പിന്നീട് എനിക്ക് മക്ഡൊണാള്‍ഡ്സില്‍ ജോലി ലഭിച്ചെന്നും വ്യക്തമാക്കി. ബാക്കിയെല്ലാം ചരിത്രമാണെന്ന് മന്ത്രി തുറന്നുപറഞ്ഞത് സദസില്‍ ചിരിപടര്‍ത്തി. പരിപാടിയില്‍ മന്ത്രിയായല്ല, യാത്രക്കാരി എന്ന നിലയിലാണ് പങ്കെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.
 
മോഡലും നടിയുമായിരുന്ന സ്മൃതി ഇറാനി 38ആം വയസിലാണ് മോഡി സര്‍ക്കാറിന്‍റെ കീഴില്‍ കാബിനറ്റ് മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 
Next Article