വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ അവകാശവാദം തള്ളി ഇന്ത്യ. അമേരിക്കയുടെ ഇടപെടല്‍ മൂലമാണ് ഇന്ത്യ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായതെന്നും ആണവയുദ്ധമാണ് ഒഴിവാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
അമേരിക്കയുമായുള്ള സംഭാഷണത്തില്‍ ഒരു ഘട്ടത്തില്‍ പോലും വ്യാപാരത്തെക്കുറിച്ച് പരാമര്‍ശം ഉണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇപ്പോള്‍ വെടി നിര്‍ത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് പറഞ്ഞെന്ന ട്രംപിന്റെ അവകാശവാദം തെറ്റാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി വിദേശകാര്യ മന്ത്രി നടത്തിയ ചര്‍ച്ചകളില്‍ വ്യാപാരത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ അവകാശവാദം.
അതേസമയം അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പാക്കിസ്ഥാന്റെ ആണവായുധ ഭീഷണി ഇന്ത്യയോട് ചെലവാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആണവായുധത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന തീവ്രവാദ സങ്കേതങ്ങളെയും ഇന്ത്യ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.