നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് ചീഫ് ജസ്റ്റിസിനെതിരായ വാര്‍ത്താ സമ്മേളനത്തില്‍ പങ്കാളിയായതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നും പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്നും ജ.കുര്യന്‍ ജോസഫ് വ്യക്തമാക്കി.
ഫുള്‍കോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചിരുന്നോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളില്‍ താനിപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. അതേസമയം സംഭവത്തില്‍ ഉടലെടുത്ത പ്രതിസന്ധി ഇന്ന് പരിഹരിക്കപ്പെട്ടേക്കും. പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
സുപ്രീംകോടതിയിലുണ്ടായ അത്യപൂര്‍വ പ്രതിസന്ധിക്ക് ഇന്ന് പരിഹാരം കാണുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും പ്രതീക്ഷ പ്രകടിപ്പിച്ചത്. നാല് ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി എജി ചര്‍ച്ച നടത്തിയിരുന്നു. നാല് ജഡ്ജിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം.