ചന്ദ്രയാൻ 2; നെഞ്ചിടിപ്പിന്റെ മുപ്പത് മിനിറ്റ്, ശ്വാസം പിടിച്ച് വെച്ച് ഓരോ നിമിഷവും- ആശങ്കയുടെ മുൾമുനയിലായിരുന്നുവെന്ന് ഐ എസ് ആർ ഒ ചെയർമാൻ

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (12:42 IST)
ഇന്ത്യയുടെ ചന്ദ്ര ദൗത്യം സുപ്രധാന നാഴികകല്ല് പിന്നിട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഇന്ന് രാവിലെ 9.02നാണ് വെല്ലുവിളി നിറഞ്ഞ നിർണ്ണായക ഘട്ടം പിന്നിട്ടത്. നിർണ്ണായക ഘട്ടമായിരുന്ന ദ്രവ എൻജിൻ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നിതിനെ ചൂണ്ടിക്കാട്ടിയാണ് ഐഎസ്ആർഒ ചെയർമാന്റെ പ്രതികരണം. ആ മുപ്പത് മിനിറ്റ് വളരെ നിർണ്ണായകമായിരുന്നു. ആശങ്കയുടെ മുൾമുനയിലായിരുന്നു എല്ലാവരും. ഒടുവിൽ എല്ലാം നന്നായി കലാശിച്ചു.  നമ്മൾ വീണ്ടും ചന്ദ്രൻ സന്ദർശിക്കുന്നു എന്നായിരുന്നു ചെയർമാന്റെ വാക്കുകൾ. 
 
ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.50നാണ് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങും. ഇതോടെ അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടവും ചന്ദ്രയാൻ കടന്നിരിക്കുകയാണ്. വിക്ഷേപിച്ച് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ പ്രവേശിക്കുന്നത്.
 
ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹം പ്രവേശിക്കുക. ഇതിന് ശേഷം 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ ഒന്നു വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article