ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേഷണം ചന്ദ്രയാന്‍ 2 ഇന്ന് വിക്ഷേപിക്കും. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ച വിക്ഷേപണമാണ് ഇന്ന് ഉച്ച തിരിഞ്ഞ് 2.43ന് നടക്കുന്നത്. ഹീലിയം ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്നാണ് ജൂലൈ 15ന് പുലര്‍ച്ചെ നടത്താനിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റിയത്. ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ തയ്യാറായിക്കഴിഞ്ഞു. സാങ്കേതിക പരിശോധനകളില്‍ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
ഇതുവരെ ഒരു ഉപഗ്രഹവും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ പര്യവേക്ഷണം. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രോപരിതലത്തില്‍ പഠനം നടത്തുന്ന പ്രഗ്യാന്‍ എന്ന റോവറും റോവറിനെ ചന്ദ്രനിലിറക്കുന്ന വിക്രം എന്ന ലാന്‍ഡറും അടങ്ങുന്നതാണ് ചന്ദ്രയാന്‍ രണ്ട്. സെപ്തംബര്‍ ആറിന് പേടകം ചന്ദ്രോപരിതലത്തില്‍ എത്തും. ചന്ദ്രയാന്‍ ഒന്ന് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു. ഇത്തവണ സോഫ്റ്റ് ലാന്‍ഡിങ്ങിനാണ് ശ്രമിക്കുന്നത്.