ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ പ്രചരിപ്പിക്കുന്നത് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണെന്ന് എന്‍ഐഎ. ഇയാളെ കണ്ടെത്താന്‍ ഇന്‍റർപോളിന്‍റെ സഹായവും തേടിയിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.
ഐഎസിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയാണ് അബ്ദുള്‍ റാഷിദിന്റെ ലക്ഷ്യം. ഇതിനായിട്ടാണ് അനുമതിയില്ലാതെ പലരെയും മെസേജ് ടു കേരള എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുന്നത്. ജിഹാദടക്കമുള്ള വിഷയങ്ങളിൽ തീവ്രപ്രചാരണമാണ് ഗ്രൂപ്പിലൂടെ നടത്തുന്നത്.
ഈ ഗ്രൂപ്പില്‍ അംഗമാക്കപ്പെട്ട ചില അംഗങ്ങള്‍ എന്‍ഐഎയ്ക്കു പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് മെസേജ് ടു കേരള എന്ന ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. അബു ഈസ എന്നയാളാണ് ഗ്രൂപ്പ് അഡ്മിൻ.