കിട്ടിയത് ഉപയോഗശൂന്യമായ പരിശോധനാകിറ്റുകൾ, വാങ്ങിയത് ഇരട്ടിവിലയ്‌ക്ക്! ഐസിഎംആർ പ്രതിക്കൂട്ടിൽ

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2020 (15:47 IST)
തെറ്റായ പരിശോധനാഫലങ്ങൾ നൽകിയ ചൈനയിൽ നിന്നുള്ള കൊവിഡ് 19 റാപ്പിഡ് ടെസ്റ്റിങ്ങ് കിറ്റുകൾ ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്‌ക്കെന്ന് റിപ്പോർട്ട്.കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാരും തമ്മില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചതോടെയാണ് കിറ്റുകളുടെ വിലയുടെ അന്തരം പുറത്ത് വന്നത്.
 
റിയല്‍ മെറ്റബോളിക്‌സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികള്‍ മുഖേനയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചൈനയില്‍നിന്ന് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്‌തത്. ഐസിഎംആർ ആയിരുന്നു മാർച്ച് 27ന് അഞ്ച് ലക്ഷം കിറ്റുകള്‍ക്ക് ചൈനീസ് കമ്പനിയായ വോണ്‍ഡ്‌ഫോയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്.ഇറക്കുമതിക്കാരായ മാട്രിക്‌സ് എന്ന കമ്പനി ഒരു കിറ്റിന് 245 രൂപ നിരക്കിലായിരുന്നു ഇറക്കുമതി നടത്തിയത്. എന്നാൽ വിതരണക്കാരായ റിയല്‍ മെറ്റബോളിക്‌സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവര്‍ ഇത് സര്‍ക്കാരിന് നല്‍കിയത് ഒരു കിറ്റിന് 600 രൂപ എന്ന നിരക്കിലും.
 
തമിഴ്‌നാട് സര്‍ക്കാര്‍ സ്വന്തം നിലയിൽ ഷാന്‍ ബയോടെക് എന്ന വിതരണക്കാര്‍ മുഖേന ഒരു കിറ്റിന് 600 രൂപ എന്ന നിരക്കിൽ കിറ്റുകൾ വാങ്ങിയിരുന്നു.എന്നാൽ മാട്രിക്‌സ് ഇറക്കുമതി ചെയ്‌ത കിറ്റുകളുടെ വിതരണാവാകാശം ഷാൻ ബയോടെക്കിനില്ലെന്ന് കാണിച്ച് റിയല്‍ മെറ്റബോളിക്‌സ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article