Passport: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട്: മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ

അഭിറാം മനോഹർ

വെള്ളി, 12 ജനുവരി 2024 (19:11 IST)
ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ. നിലവില്‍ എണ്‍പതാം സ്ഥാനത്താണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്. ഫ്രാന്‍സ്,ജര്‍മനി,ഇറ്റലി,ജപ്പാന്‍,സിംഗപ്പൂര്‍,സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. ഈ ആറ് രാജ്യങ്ങള്‍ക്കും 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ തന്നെ യാത്ര ചെയ്യാം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജപ്പാനും സിംഗപ്പൂരുമാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
 
ഫിന്‍ലന്‍ഡ്,സ്വീഡന്‍,ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാനാകും. ഈ രാജ്യങ്ങളാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 192 രാജ്യങ്ങളിലേയ്ക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന ഓസ്ട്രീയ,ഡെന്മാര്‍ക്ക്,അയര്‍ലന്‍ഡ്,നെതര്‍ലന്‍ഡ് പാസ്‌പോര്‍ട്ടുകളാണ് മൂന്നാം സ്ഥാനത്തുള്ളത്.
 
മലേഷ്യ,ഇന്തോനേഷ്യ,തായ്‌ലന്‍ഡ് എന്നിവയുള്‍പ്പടെ 62 രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യയ്ക്കാര്‍ക്ക് വിസയില്ലാത്ത യാത്രയ്ക്ക് അനുമതിയുള്ളത്. ഉസ്‌ബെക്കിസ്ഥാനാണ് ഇന്ത്യയ്‌ക്കൊപ്പം എണ്‍പതാം സ്ഥാനത്തെത്തിയ രാജ്യം. ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നിലുള്ളത്. വെറും 28 രാജ്യങ്ങളില്‍ മാത്രമാണ് അഫ്ഗാന്‍ പാസ്‌പോര്‍ട്ടിന് വിസാരഹിത പ്രവേശനമുള്ളത്. പട്ടികയില്‍ പാകിസ്ഥാന്‍ 101മത് സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും പിന്നില്‍ നിന്നും നാലാമതാണ് പാക് പാസ്‌പോര്‍ട്ടിന്റെ സ്ഥാനം. ഇറാഖ്,സിറിയ,അഫ്ഗാന്‍ എന്നീ രാജ്യങ്ങളാണ് പാകിസ്ഥാന് താഴെയുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍