India - USA Trade: ആദ്യം തീരുവയിൽ ധാരണയാകട്ടെ, ഇന്ത്യയുമായി അതുവരെയും ഒരു വ്യാപാര ചർച്ചയുമില്ല, നിലപാട് കടുപ്പിച്ച് ട്രംപ്

അഭിറാം മനോഹർ

വെള്ളി, 8 ഓഗസ്റ്റ് 2025 (11:38 IST)
തീരുവ തര്‍ക്കവുമായി ബന്ധപ്പെട്ട് ധാരണയിലെത്തുന്നതുവരെയും ഇന്ത്യയുമായി യാതൊരു തരത്തിലുള്ള വ്യാപാരചര്‍ച്ചകള്‍ക്കുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മുകളില്‍ 25 ശതമാനം അധികനികുതി ചുമത്തിയ നടപടിയില്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ പ്രതികരണം. തീരുവ തര്‍ക്കം പരിഹരിക്കുന്നത് വരെ ഇല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
 
തീരുവ വിഷയത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരകരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷം നവംബറിനകം ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. ട്രംപിന്റെ നിലപാടോടെ ഈ ചര്‍ച്ചകളാണ് വഴിമുട്ടിയിരിക്കുന്നത്. റഷ്യ യുക്രെയ്‌നുമായി യുദ്ധം ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യക്കെതിരെ അമേരിക്ക 25 ശതമാനം അധികതീരുവ ചുമത്തിയത്. ഇതോടെ ഇന്ത്യയ്ക്ക് മേലുള്ള തീരുവ 50 ശതമാനമായി ഉയര്‍ന്നിരുന്നു.അധികതീരുവ 21 ദിവസത്തില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് യുഎസ് വ്യക്തമാക്കിയത്. യുഎസ് തുറമുഖത്തെത്തുന്ന എല്ലാ ഇന്ത്യന്‍ സാധനങ്ങള്‍ക്കും ഇത് ബാധകമാകും. അതേസമയം അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വഴങ്ങില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍