ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച തീരുവയില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഭീഷണി നേരിടാന്‍ ഇന്ത്യയും ബ്രസീലും ഒന്നിച്ചു നില്‍ക്കുമെന്ന് ബ്രസീല്‍ ഇതിനിടെ വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും ബ്രസീല്‍ പ്രസിഡന്റ് ലുല ദാ സില്‍വ അറിയിച്ചു.
ഇരു നേതാക്കളും കഴിഞ്ഞദിവസം ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം നടത്തിയെന്നാണ് വിവരം. അതേസമയം തിരിച്ചും തിരുവ ചുമത്തി അമേരിക്കയെ നേരിടണമെന്ന് ശശി തരൂര്‍ എംപി. ഇന്ത്യക്കെതിരെ ചുമത്തിയിരിക്കുന്ന തീരുവായ്ക്ക് സമാനമായ രീതിയില്‍ തിരിച്ചും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് തരൂര്‍ ആവശ്യപ്പെട്ടു. അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം വ്യാഴാഴ്ചയും അധിക തീരുവ 21 ദിവസത്തിനുള്ളിലും നിലവില്‍ വരും.
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ നിലവില്‍ 17 ശതമാനം തീരുവയാണ് ചുമത്തിരിക്കുന്നത്. ഇത് 50ശതമാനമാക്കി ഉയര്‍ത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അജിത് ഡോവല്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം പ്രസിഡന്റ് വരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ സന്ദര്‍ശനം ഉണ്ടാകുമെന്ന് ഇന്റര്‍ഫാക്സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.