ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ യു എസ് റീടെയിലര്‍മാര്‍ നിര്‍ത്തിവച്ചു. ഇന്ത്യയ്ക്ക് അമേരിക്ക 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വാള്‍മാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വന്‍കിട അമേരിക്കന്‍ റീടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവച്ചത്. വസ്ത്രങ്ങളുടെ കയറ്റുമതി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ കയറ്റുമതി കമ്പനികള്‍ക്ക് മെയില്‍ അയച്ചു.
വര്‍ദ്ധിച്ച ചിലവ് വഹിക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനികള്‍ പറയുന്നത്. കയറ്റുമതിക്കാര്‍ തന്നെ ഉയര്‍ന്ന താരീഫ് ചെലവ് വഹിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. അമേരിക്കയിലേക്കുള്ള ഓര്‍ഡറുകളില്‍ 40 മുതല്‍ 50 ശതമാനം വരെ ഇടിവുണ്ടാകാനും ഏകദേശം 5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാവാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വസ്ത്രങ്ങളുടെ വലിയ കയറ്റുമതി നടക്കുന്നത് അമേരിക്കയിലേക്കാണ്.
അതേസമയം 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നാല്‍ ഇനിയും ഇന്ത്യക്കുനേരെ ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായി വ്യാപാരങ്ങള്‍ നടത്തുന്ന മറ്റു രാജ്യങ്ങള്‍ക്കും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.