താപനില 45 ഡിഗ്രി കടക്കുന്നു, വിവിധ സംസ്ഥാനങ്ങളിൽ ഉഷ്‌ണ തരംഗസാധ്യത

Webdunia
വ്യാഴം, 28 ഏപ്രില്‍ 2022 (20:33 IST)
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്‌ണതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലാണ് അത്യുഷ്‌ണ സാധ്യത. 
 
സമതലപ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിയിലധികമാവുകയും തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുകയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി കടക്കുകയും ചെയ്യുമ്പോഴാണ് ഉഷ്‌ണതരംഗസാധ്യതയുണ്ടാകുന്നത്. സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാൾ 4.5-6.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതൽ താപനില‌യാണ് ഈ അവസ്ഥയിൽ ഉണ്ടാവുക.
 
മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവടങ്ങളില്‍ അടുത്ത മൂന്ന്-നാല് ദിവസങ്ങള്‍ക്കുള്ളില്‍ താപനില 2-4 ഡിഗ്രി സെല്‍ഷ്യസ് വർധിക്കാമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നു.ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍പ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന താപനില 45 ഡിഗ്രിയോ അതിലധികമോ ആവും.
 
മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ പവര്‍കട്ട് പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നത് സ്ഥിതി വഷളാക്കും. ജമ്മു കശ്മീരിലും താപനില വര്‍ധിക്കുന്നു. ശീതകാല തലസ്ഥാനമായ ജമ്മുവില്‍ റെക്കോഡ് താപനിലയായ 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article