Haryana Vidhan Sabha Election Results 2024 Live updates: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം. 90 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 50 സീറ്റുകളുമായി ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. 46 സീറ്റുകളാണ് ഹരിയാനയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകള്‍. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഹരിയാനയില്‍ ബിജെപി അധികാരത്തിലെത്തുന്നത്.
കോണ്‍ഗ്രസ് സഖ്യത്തിനു 35 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ സാധിക്കാതെ പോയതാണ് കോണ്‍ഗ്രസിനു തിരിച്ചടിയായത്. മറ്റുള്ളവര്‍ അഞ്ച് സീറ്റുകള്‍ നേടി. വലിയ അവകാശവാദങ്ങളോടെ മത്സരിച്ച ആം ആദ്മിക്ക് ഒരു സീറ്റിലും ജയിക്കാന്‍ സാധിച്ചില്ല. ഹരിയാനയിലെ മിക്ക ആം ആദ്മി സ്ഥാനാര്‍ഥികളും കെട്ടിവെച്ച പണം പോലും നഷ്ടമാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മുഖ്യമന്ത്രി കസേരയില്‍ എത്തിയ നായബ് സിങ് സൈനി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റിയാണ് ബിജെപി നായബ് സിങ്ങിനെ ഹരിയാന മുഖ്യമന്ത്രിയാക്കിയത്. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്ന് നായബ് സിങ് നേരത്തെ പറഞ്ഞിരുന്നു.
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ ഹരിയാനയില്‍ ലീഡ് ചെയ്തിരുന്നത് കോണ്‍ഗ്രസാണ്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി നേരിയ മുന്‍തൂക്കം സ്വന്തമാക്കി. പിന്നീടങ്ങോട്ട് ഒരിക്കല്‍ പോലും കോണ്‍ഗ്രസിനു മുന്നിലെത്താന്‍ സാധിച്ചില്ല. എക്‌സിറ്റ് പോളുകളെല്ലാം ബിജെപിക്ക് അധികാരം നഷ്ടമാകുമെന്നാണ് പ്രവചിച്ചിരുന്നത്.