സംവരണത്തിനായി പൊലീസുകാരെ കൊല്ലണം; ഹാര്‍ദികിനെതിരെ രാജ്യദ്രോഹ കുറ്റം

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (12:38 IST)
പട്ടേൽ സമുദായത്തിന്റെ സംവരണത്തിനായി രണ്ടോ മൂന്നോ പൊലീസുകാരെ കൊന്നാലും കുഴപ്പമില്ലെന്ന് പ്രസ്താവന നടത്തിയ സമര നേതാവ് ഹാർദിക് പട്ടേലിനെതിരെ ഗുജറാത്ത് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി. അതേസമയം, പ്രസ്‌താവന തെറ്റായി വളച്ചൊടിച്ചതാണെന്ന് ഹാര്‍ദിക് പറഞ്ഞു.

തങ്ങള്‍ക്ക് സംവരണം നല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് കാട്ടി വിപുല്‍ ദേശായി എന്ന യുവാവ് പൊലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. ഇതറിഞ്ഞ് വിപുല്‍ ദേശായിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ ഹാര്‍ദിക് പൊലിസുകാരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെയാണ് ഹാർദിക്കിന് നേരെ കേസെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ താന്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ഹാർദിക് വ്യക്തമാക്കി. പൊലീസുകാരെ കൊലപ്പെടുത്താന്‍ താന്‍ ആഹ്വാനം ചെയ്‌തിട്ടില്ല. വിപുല്‍ ദേശായിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.