ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; വിവാഹക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണ്ട

Webdunia
ചൊവ്വ, 23 ജനുവരി 2018 (11:24 IST)
ഹാദിയ കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടായി കാണണമെന്നും പറഞ്ഞു. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി.
 
ഹാദിയയുടെ ഇഷ്ടവും വ്യക്തിസ്വാതന്ത്യവുമാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം ക‍ഴിച്ചതെന്ന് ഹാദിയ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹത്തെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കേണ്ട കാര്യമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് എങ്ങനെയാണ് വിവാഹം റദ്ദാക്കുകയെന്ന ചോദ്യവും കോടതി ഉന്നയിച്ചു. 
 
ഹാദിയയ്ക്ക് ഈ കേസില്‍ കക്ഷിചേരാനുള്ള അനുവാദവും കോടതി നല്‍കിയിട്ടുണ്ട്. ഹാദിയയ്ക്ക് പറയാനുള്ളത് അടുത്തമാസം 22 നകം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ടുള്ള എന്‍ ഐ എ അന്വേഷണം തുടര്‍ന്നുപോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article