നാല്പതാം വയസ്സില്‍ ഗര്‍ഭിണിയായ അമ്മ തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു; ജീവിതത്തിലേക്ക് കൈ പിടിച്ചത് അച്‌ഛന്റെ ആത്മധൈര്യമെന്നും ഗോവ ഗവര്‍ണര്‍ മൃദുല

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2016 (16:30 IST)
നാല്പതാം വയസ്സില്‍ ഗര്‍ഭിണിയായ അമ്മ തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്ന് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ. തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചത് അച്‌ഛന്റെ  ആത്മധൈര്യമാണെന്നും അവര്‍ പറഞ്ഞു.
 
“പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിക്കാനിരുന്ന ദുരന്തത്തെക്കുറിച്ച് ഒര്‍മ്മ വന്നു. എന്റെ അച്‌ഛനാണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. ഗര്‍ഭിണി ആയതിനു ശേഷം ഗര്‍ഭം അലസിപ്പിക്കുന്നതിനായി തന്റെ അമ്മ മരുന്നുകള്‍ കഴിച്ചിരുന്നു. എന്നാല്‍ അച്‌ഛന്‍ അമ്മയെ അടുത്തുള്ള നഗരത്തിലേക്ക് മാറ്റി, സുഖപ്രസവത്തിനുള്ള അവസരമൊരുക്കി” - വാരണാസിയില്‍ നടന്ന ചടങ്ങില്‍ അവര്‍ പറഞ്ഞു.
 
തന്റെ അച്‌ഛന്‍ സമൂഹത്തിലെ നിരവധി അനാചാരങ്ങള്‍ക്ക് എതിരെ ശക്തമായ് പ്രതികരിച്ചിരുന്നു. ആ മൂല്യങ്ങള്‍ എന്നും തന്റെ മനസില്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. ‘ബേഠീ ബച്‌ഛാവൊ,ബേഠീ പഠാവൊ’ എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യത്തോടൊപ്പം  ‘പരിവാര്‍ ബച്‌ഛാവൊ’ എന്ന വാചകം കൂടി ചേര്‍ക്കണമെന്നും അവര്‍ പറഞ്ഞു.