ഹിന്ദു മതത്തിലേക്കി ആളുകളെ പുനര്‍ മത പരിവര്‍ത്തനം നടത്തുന്ന സംഘപരിവാറിന്റെ പദ്ധതിയായ 'ഘര്‍ വാപസി'യുമായി മുന്നൊട്ട് തന്നെയെന്ന് വ്യക്തമാക്കി ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭഗവത് രംഗത്ത്. തങ്ങളുടെ മുന്നേറ്റം തടയണമെന്നുണ്ടെങ്കില്‍ മത പരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
കൊല്‍ക്കത്തയില്‍ നടന്ന സംഘടനയുടെ പരിപാടിയിലാണ് മോഹന്‍ ഭാഗവത് വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിനെ ഈ വിഷയത്തില്‍ പ്രതിപക്ഷം കടന്നാക്രമിച്ചുകൊണ്ടിരിക്കുമ്പോളാണ് ആര്‍എസ്‌എസ് തന്നെ തങ്ങള്‍ പിന്നൊട്ടില്ലെന്ന് വ്യക്തമാക്കിയത്.
മോഷണമുതല്‍ തിരിച്ചു കൊണ്ടുവരുന്നത് പോലെയേ ഉള്ളൂ. കളവ് പോയ വിവരം ഉടമസ്‌ഥന്‍ തിരിച്ചറിഞ്ഞു. തൊണ്ടി മുതല്‍ കണ്ടെടുത്തു. ഇനി അവ തിരിക്കെ കൊണ്ടുവരും. അവ തങ്ങളുടേതാണ്. മതപരിവര്‍ത്തനങ്ങള്‍ ദീര്‍ഘകാലമായി ചരിത്രത്തെ തകര്‍ത്ത് വംശീയതയേയും വിശ്വാസങ്ങളെയും വിഭജിച്ച് ഇന്ത്യാക്കാരുടെ രക്‌തം ചീന്തിച്ച് ദേശീയ രാഷ്‌ട്രീയത്തില്‍ ഭാഗധേയം നിര്‍ണ്ണയിച്ചു വരികയാണ്. ഒരു ദശാബ്‌ദമായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയായി മോഡി അധികാരത്തില്‍ എത്തിയതോടെ രാജ്യം വീണ്ടും കൂടുതല്‍ ഹിന്ദു ഉണര്‍വിലേക്ക് വന്നിരിക്കുകയാണെന്ന് ഭാഗവത് പറഞ്ഞു.
കാവിക്കൊടി രാജ്യത്തെ വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരോപണം മോഹന്‍ ഭഗവത് തള്ളി. ഹിന്ദുവിന്റെ ഉണര്‍വ്വ് അവസരവാദികളുടേയും തെറ്റ് ചെയ്യുന്നവരുടേയൂം ഉറക്കം കെടുത്തുകയാണെന്നും തങ്ങള്‍ നുഴഞ്ഞുകയറ്റക്കാരല്ലെന്നും ഓടിപ്പോകാന്‍ ഇല്ലെന്നും തങ്ങള്‍ ഉറങ്ങിമ്പോള്‍ ചിലത് നഷ്‌ടമായത് തിരികെ കൊണ്ടുവരിക മാത്രമാണ് ചെയ്‌തതെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
അതിനിടെ 100 ക്രിസ്‌ത്യന്‍ കുടുംബങ്ങളിലെ 500 പേരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നതായി അവകാശപ്പെട്ട് വിശ്വഹിന്ദു പരിഷത് രംഗത്തെത്തി. ഗുജറാത്തിലെ സൂററ്റിലുള്ള വല്‍സാദിലെ അര്‍ണാ ഗിരിവര്‍ഗ്ഗ മേഖലയിലാണ് വിഎച്‌പി ഘര്‍ വാപസി നടത്തി എന്ന് പ്രഖ്യാപിച്ചത്.
വല്‍സാദിനെ ബാരാമുള്‍ ഗ്രാമത്തില്‍ നവംബറില്‍ സമാനമായ മറ്റൊരു പരിപാടി വിഎച്ച് പി നവംബറില്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ശ്രീരാമന്റെ പതക്കം സമ്മാനിച്ചതായും നേരത്തേ ധരിച്ചിരുന്ന വെന്തിങ്ങം ഉപേക്ഷിച്ചെന്നും വിഎച്ച്‌പി നേതാക്കള്‍ പറഞ്ഞു.
ഗംഗയില്‍ മുങ്ങിയാണ് എല്ലാവരും ഹിന്ദുക്കളായത്. പുതിയമതം സ്വീകരിച്ചവര്‍ക്ക് ശ്രീരാമന്റെ ചിത്രം ചെയ്‌ത രുദ്രാക്ഷമാല പങ്കെടുത്തവര്‍ക്ക് നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്‌ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
സമാന പരിപാടി കേരളത്തിലും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹരിപ്പാടിന് സമീപം ചേപ്പാട് പഞ്ചായത്തില്‍ ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ പരിപാടി നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഹിന്ദുമതത്തില്‍ നിന്നും പെന്തക്കോസ്‌തിലേക്ക് പോയ മൂന്ന് കുടുംബങ്ങളെയാണ് ആഎസ്‌എസ്, വിഎച്‌പി നേതൃത്വത്തില്‍ പരിവര്‍ത്തനം ചെയ്തത്.
ഏവൂര്‍ വടക്ക് ലക്ഷി നാരായണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഒമ്പത് പേരെയാണ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഈ മാസം 25ന് ഇടുക്കി ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ചടങ്ങ് രഹസ്യമായി ഹരിപ്പാടിലേക്ക് മാറ്റുകയായിരുന്നു. വിശ്വ ഹിന്ദു പരിഷത്ത് ആലപ്പുഴ ജില്ലാ നേതാക്കളായിരുന്നു പിന്നില്‍.