ബിജെപി നേതാവിനെ പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് പുനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ അനിശ്‌ചിതകാല സമരത്തില്‍. മഹാഭാരതം ടിവി സീരിയലില്‍ 'യുധിഷ്‌ടിരനെ' അവതരിപ്പിച്ച ഗജേന്ദ്ര ചൗഹാനെയാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിച്ചത്.
സംവിധായകരായ അടൂര്‍ ഗോപാലകൃഷ്‌ണന്‍, ശ്യാം ബെനഗല്‍, ഗാനരചയിതാവ് ഗുല്‍സാര്‍ എന്നിരെ മറികടന്നാണ് ചൗഹാനെ നിയമിച്ചത്. ഇതിനെതിര ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കുകയും പഠനത്തിന്റെ ഭാഗമായുള്ള പ്രാക്‌റ്റിക്കല്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്‌തിരിക്കയാണ്. ഈ മാസം 9ന് ആണ് ചൗഹാനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിച്ചു കൊണ്ട് ഉത്തരവിറങ്ങിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ കാലാവധി പൂര്‍ത്തിയാക്കിയ സയീദ് മിര്‍സയുടെ പിന്‍ഗാമിയായാണ് ചൗഹാന്റെ നിയമനം. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്‌ഥാനത്തേക്കും ചൗഹാനെ പരിഗണിച്ചിരുന്നു. നടി വിദ്യാ ബാലന്‍, പല്ലവി ജോഷി, രാജ് ഹിരാനി, ജാനു ബറുവ, സന്തോഷ് ശിവന്‍ എന്നിവരെ ഭരണ സമിതി അംഗങ്ങളായും കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ജാനു ബറുവയും സന്തോഷ് ശിവനും ഭരണസമിതി അംഗത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.