ഹൈക്കോടതി വിധി ചരിത്രപരം; തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജാവാകില്ലെന്നും ഡല്‍ഹി ലഫ്‌റ്റനന്റ് ഗവര്‍ണര്‍

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (12:54 IST)
തെരഞ്ഞെടുപ്പില്‍ ജയിച്ചെന്ന് കരുത് ആരും രാജ്യം ഭരിക്കുന്നവരാകുന്നില്ലെന്നും ആരും രാജാവല്ലെന്നും ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്. ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് നജീബ് ജങിന്റെ പ്രസ്താവന.  വാര്‍ത്താസമ്മേളനത്തിലാണ് ജങ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 
ലഫ്. ഗവര്‍ണറുടെ അധികാരപരിധി ചോദ്യം ചെയ്ത് ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കഴിഞ്ഞദിവസം തള്ളിയ ഹൈക്കോടതി, ഡല്‍ഹിയിലെ ഭരണാധികാര ചുമതല ലഫ്. ഗവര്‍ണര്‍ക്കാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
 
കേന്ദ്ര സര്‍വ്വീസിലേക്കുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലമാറ്റവും സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്. ഗവര്‍ണര്‍ നജീബ് ജങും തമ്മിലുള്ള തര്‍ക്കമാണ് കേസില്‍ എത്തിച്ചേര്‍ന്നത്. ഡല്‍ഹി ഹൈക്കോടതി വിധി ചരിത്രപരമാണെന്ന് പറഞ്ഞ ജങ് നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് പ്രവര്‍ത്തിക്കുക എന്നതു മാത്രമാണ് കര്‍ത്തവ്യമെന്നും വ്യക്തമാക്കി.
 
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയ്ക്ക് ഇത് ആദ്യമായാണ് നജീബ് ജങ് വാര്‍ത്താസമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ടത്.
Next Article