ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ദൂരദര്‍ശന് നല്‍കിയ അഭിമുഖം എഡിറ്റ് ചെയ്ത സംഭവം കൂടുതല്‍ വിവാദമാകുന്നു. സംഭവം വിവാദമായതിനേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ദൂരദര്‍ശന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന് കാട്ടി പ്രസാദ് ഭാരതി സിഇഒ ജവഹര്‍ സിര്‍കാര്‍ ഡയറക്ടര്‍ ബോര്‍ഡിന് കത്തയച്ചു.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി ഇടപെട്ടാണ് മോദിയുടെ അഭിമുഖം എഡിറ്റ് ചെയ്തതെന്നും സിഇഒ കത്തില്‍ വെളിപ്പെടുത്തി. വെള്‍പ്പെടുത്തല്‍ പുറത്തു വന്നതോടെ സംഭവം നരേന്ദ്ര മോഡി രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യുന്നു.
ദേശീയ മാധ്യമ സ്ഥാപനമായ ദൂരദര്‍ശന്‍ തൊഴില്‍പരമായ സ്വാതന്ത്ര്യം നിലനിറുത്താന്‍ പാടുപെടുകയാണെന്ന് ട്വിറ്ററില്‍ കുറ്റപ്പെടുത്തിക്കൊണ്ട് മോഡി രംഗത്തെത്തി. ദൂരദര്‍ശന്റെ ഇന്നത്തെ അവസ്ഥയില്‍ തനിക്ക് ദുഖമുണ്ട്. മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നത് അടിയന്തരാവസ്ഥ കാലത്ത് നാം കണ്ടതാണ്. ദൂരദര്‍ശന്റെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന കാര്യം ഇതുതന്നെയാണെന്നും മോഡി പറഞ്ഞു.
യഥാര്‍ഥത്തില്‍ അഭിമുഖം 56 മിനിറ്റ് ഉണ്ടായിരുന്നു. അത് വെട്ടീച്ചുരുക്കി 34 മിനിറ്റാക്കി ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു. എന്നാല്‍ ഗുജറാത്തില്‍ ഷൂട്ടു ചെയ്ത അഭിമുഖത്തിന്റെ പകര്‍പ്പ് ഗുജറാത്ത് സര്‍ക്കാരിന്റെ പക്കലുണ്ടായിരുന്നു. അഭിമുഖം എഡിറ്റ് ചെയ്തത് മനസിലാക്കിയ ബിജെപി നേതൃത്വം അഭിമുഖത്തിന്റെ പൂര്‍ണരൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഇതോടെ സംഭവത്തിന്‍ രാസ്ഷ്ട്രീയ മാനം കൈവരുകയായിരുന്നു. അഭിമുഖത്തില്‍ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് മോദി വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെക്കുറിച്ച് മോദി പറഞ്ഞതും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വെട്ടി.