ഇന്ത്യയുടെയും ഇന്ത്യാക്കാരുടെയും ആരാധകനാണ്, ഭീകരതക്കെതിരെ ഇന്ത്യക്കൊപ്പം പോരാടും: ഡൊണാ‌ൾഡ് ട്രംപ്

Webdunia
ഞായര്‍, 16 ഒക്‌ടോബര്‍ 2016 (10:26 IST)
ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് രംഗത്ത്. ഊർജ്ജസ്വലനായ നേതാവാണ് മോദിയെന്നും ഒന്നിച്ചുള്ള പ്രവർത്തനത്തിലൂടെ ആശ്ചര്യകരമായ ഭാവി ഇരുരാജ്യങ്ങൾക്കും ഉണ്ടാക്കാൻ കഴിയുമെന്നും ന്യൂജഴ്സിയിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ പരിപാടിയിൽ ട്രംപ് പറഞ്ഞു.
 
ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാനമായ സഖ്യകക്ഷിയെന്നു വിശേഷിപ്പിച്ച ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താൻ പ്രസിഡന്റായാൽ കൂടുതൽ ശക്തിപ്പെടുമെന്ന് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യമായാണ് ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയെ പെട്ടെന്നുള്ള വളർച്ചയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് നരേന്ദ്ര മോദി. ഇന്നത്തെ മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളാണ് മോദി. 
 
ഭീകരവാദത്തിനെതിരെ പോരാടാന്‍ ട്രംപിനെ വിജയിപ്പിക്കണമെന്ന് റിപബ്ലിക്കന്‍ ഹിന്ദു സഖ്യകക്ഷിയുടെ അധ്യക്ഷന്‍ യോഗത്തില്‍ ആഹ്വാനം ചെയ്തു. അദ്ദേഹത്തോടൊപ്പം സഹകരിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. താൻ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും വലിയൊരു ആരാധകനാണ്. മോദിയിലും ഇന്ത്യയിലും തനിക്ക് പൂർണ വിശ്വാസമുണ്ട്. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെയും ട്രംപ് പ്രശംസിച്ചു. താൻ പ്രസിഡന്റായാൽ ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം പോരാടുമെന്നും ട്രംപ് വ്യക്തമാക്കി.
Next Article