ഇര്‍ഫാര്‍ ഖാന്റെ അപൂര്‍വ രോഗം തന്നെ; പുതിയ വെളിപ്പെടുത്തലുമായി ഡോക്ടര്‍ രംഗത്ത്

Webdunia
ശനി, 17 മാര്‍ച്ച് 2018 (15:41 IST)
ബോളിവുഡ് താരം ഇര്‍ഫാര്‍ ഖാന്റെ അപൂര്‍വ രോഗമാണെന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍. വിദഗ്ദമായ പരിശോധനയും ചികിത്സയും ലഭ്യമാണെങ്കില്‍ അദ്ദേഹത്തിന് ആരോഗ്യത്തോടെ തിരിച്ചുവരാന്‍ സാധിക്കും. അദ്ദേഹത്തെ പിടികൂടിയിരിക്കുന്നത് അപൂര്‍വ രോഗമാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത അസുഖമൊന്നുമല്ലെന്നും ഡോക്ടര്‍ സൗമിത്ര റാവത്ത് വ്യക്തമാക്കി.

ന്യൂറോ എന്റോക്രെയ്ന്‍ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയിലൂടെയാണ് ഈ ട്യൂമര്‍ രൂപപ്പെടുന്നത്. കുടല്‍, ആഗ്‌നേയഗ്രന്ഥി, ശ്വാസകോശം തുടങ്ങിയവയിലൊക്കെയാണ് ഈ ട്യൂമര്‍ വരുന്നത്. ആ ട്യൂമര്‍ എവിടെയാണ് രൂപപ്പെട്ടിരിക്കുന്നത്, എത്രത്തോളം വലിപ്പമുണ്ടെന്നുള്ളതും അറിയണം. അതിനുശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഡല്‍ഹി ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവന്‍ കൂടിയാണ് റാവത്ത്.

തനിക്ക് വയറിനുള്ളില്‍ ന്യൂറോ എന്‍ഡ്രോക്രൈന്‍ ട്യൂമറാണെന്നാണ് കഴിഞ്ഞ ദിവസം ഇര്‍ഫാര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നത്.  എനിക്കു ചുറ്റുമുള്ള സ്‌നേഹവും ശക്തിപ്പെടുത്തലുകളും പ്രതിക്ഷ നല്‍കുന്നുണ്ട്. ഞാനിപ്പോള്‍ വിദേശത്താണെന്നും താരം ട്വീറ്റ് ചെയ്‌തിരുന്നു.

വയറിലെ ആന്തരികാവയവങ്ങളിലാണ് അർബുദം ബാധിച്ചത്. രോഗ വിവരം വളരെ വിഷമത്തോടെയാണ് അംഗീകരിച്ചത്. ന്യൂറോ എന്നാല്‍ തലച്ചോറുമായി മാത്രം ബന്ധപ്പെട്ടത് എന്നല്ല അര്‍ത്ഥം. കൂടുതല്‍ അറിയണമെങ്കില്‍ നിങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യു. എല്ലാവരുടെയും പ്രാര്‍ത്ഥനകളും ആശംസകളും എനിക്കൊപ്പം ഉണ്ടാകണം. എന്റെ വാക്കുകൾ കേൾക്കാൻ  കാത്തിരിക്കുന്നവര്‍ക്കു വേണ്ടി ഞാന്‍ മടങ്ങിവരുമെന്നും ഇര്‍ഫാര്‍ ഖാന്‍ പറഞ്ഞിരുന്നു.

മാർച്ച് അഞ്ചിനാണ് ഇർഫാൻ ഖാൻ അപൂർവ രോഗത്തിന്റെ പിടിയിലാണെന്ന വെളിപ്പെടുത്തൽ നടത്തിയത്. പത്ത് ദിവസത്തിനുള്ളിൽ രോഗം എന്താണെന്നുള്ള സ്ഥിരീകരണം വരും. അതിന് ശേഷം അത് നിങ്ങളോട് ഞാൻ തന്നെ പറയും. നല്ലത് വരാൻ ആശംസിക്കുക എന്നായിരുന്നു താരം അന്ന് ട്വിറ്ററിൽ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article