മിന്നും താരങ്ങളീ പെൺകുട്ടികൾ; ഈ വിജയത്തിനു പിന്നിലെ ഗുട്ടൻസ് എന്താണെന്നറിയുമോ?

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (14:50 IST)
വ്യത്യസ്ത മനസ്സോടെയും വ്യത്യസ്ത ജീവിത രീതിയോടെയുമായിരുന്നു ആ മൂന്ന് പെൺകുട്ടികളും ഇതുവരെ ജീവിച്ചിരുന്നത്. എന്നാൽ മൂവരും റിയോയിലേക്ക് പോയപ്പോൾ അവരുടെ മൂന്നുപേരുടേയും മനസ്സിൽ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു, ഇന്ത്യയ്ക്കൊരു മെഡൽ. അത് നേടാതെ തിരികെ വരാൻ ആ രണ്ട് പെൺകുട്ടികൾക്കും ആയില്ല. മൂന്നമത്തെയാൾക്ക് അതിനു സാധിച്ചില്ലെങ്കിലും അവളും രാജ്യത്തിന്റെ അഭിമാനം കാക്കുക തന്നെ ചെയ്തു. ദീപ, സാക്ഷി, സിന്ധു. ഈ മൂന്ന് പേരുകളും ഇപ്പോൾ എല്ലാവർക്കും പരിചിതമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 
 
എന്നാൽ, രാജ്യത്തിന് ഈ മെഡൽ സമ്മാനിക്കാൻ ഇവർ അനുഭവിച്ച ത്യാഗങ്ങ‌ളും ദുരിതങ്ങളും  അവർ പറഞ്ഞ് തന്നെയാണ് ഇന്ത്യയിലെ ഓരോ ജനങ്ങളും കേട്ടത്. അതുവരെ ആരും ഒന്നും അറിഞ്ഞിരുന്നില്ല. എന്ത്? എങ്ങനെ? എന്നൊന്നും. പ്രീയപ്പെട്ട ആഹാരങ്ങളും സുഹൃത്തുക്കളോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാം ഉപേക്ഷിച്ച് ഒരൊറ്റ ലക്ഷ്യത്തിനായി കഴിഞ്ഞ കുറച്ച് മാസങ്ങളായി, വർഷങ്ങളായി പ്രയത്നിക്കുകയായിരുന്നു ഈ പെൺപുലികൾ. ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയുടെ പേര് എഴുതിചേർത്ത ഈ പെൺകുട്ടികൾ എന്തായിരിക്കും കഴിക്കുന്നത്, ഇവരുടെ ആരോഗ്യത്തിന്റെ രഹസ്യമെന്ത് എന്ന് ചിന്തിച്ചവരും ഉണ്ട്. തങ്ങളുടെ മക്കളെ ഈ മൂന്ന് പെൺകുട്ടികളെ പോലെ ആക്കാൻ അവർ കഴിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് ആലോപിച്ച് അന്വേഷിക്കാൻ ശ്രമിച്ച് വീട്ടമ്മമാരും ഉണ്ട് ഈ ഇന്ത്യയിൽ. എങ്കിൽ അറിഞ്ഞോളൂ ആ ഗുട്ടൻസ്...
 
ഭക്ഷണക്രമം:
 
രാവിലെ പ്രാതലിന് മുട്ടയും നുറുക്കുഗോതമ്പും കടലയും ഒരു ഗ്ലാസ് പാലും. ഉച്ചക്ക് വേവിച്ച കോഴിയിറച്ചി മാത്രം. വൈകിട്ട് കോഴിയിറച്ചിയോടൊപ്പം വെജിറ്റബിൾ സൂപ്പും. ഇതാണ് ദീപ കർമാർക്കറുടെ ആഹാരക്രമം. ഇന്ത്യയെ ജിംനാസ്റ്റികിൽ പേരു ചേർത്തിവെച്ച പെൺകുട്ടി. പല ഇഷ്ടഭക്ഷണങ്ങളും പരിശീലനത്തിന്റെ ഭാഗമായി മാറ്റിവെക്കേണ്ടി വന്നുവെന്ന് ദീപ തന്നെ കാണാൻ വന്ന മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. മത്സരത്തിനുശേഷം ഐസ്ക്രീം കഴിച്ചുവെന്ന് ദീപ പറഞ്ഞു. അതും മൂന്ന് മാസങ്ങൾക്ക് ശേഷം, അതുകൊണ്ട് കുറച്ചധികം കഴിച്ചുവെന്നും ദീപ പറഞ്ഞിരുന്നു. സന്തോഷത്തിനിടയിലും അവർ അനുഭവിച്ച സങ്കടം ആരും കാണാതിരിക്കരുത്.
 
അതേസമയം, ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ ഇന്ത്യക്ക് ആദ്യ വെള്ളി മെഡൽ നേടിത്തന്ന സിന്ധുവിന്റെ ഭക്ഷണക്രമം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. സിന്ധുവിന് മധുരപലഹാരങ്ങൾ ഒന്നും തന്നെ പരിശീലകനായ ഗോപീചന്ദ് നൽകിയിരുന്നില്ല. വിലക്കപ്പെട്ട കനിയായിരുന്നു സിന്ധുവിന് മധുരം. സിന്ധുവിന് പ്രത്യേക ഒരിഷ്ടവും അവളുടെ ഭക്ഷണ കാര്യത്തിൽ ഉണ്ടായിരുന്നില്ല. ഗോപീചന്ദ് പറയുന്നതെന്തോ അതായിരുന്നു സിന്ധു കഴിച്ചിരുന്നത്. വിശപ്പില്ലാത്തപ്പോൾ പോലും ഈ രീതിയിൽ ഭക്ഷണം കഴിക്കാൻ സിന്ധു നിർബന്ധിതയായിരുന്നു. ഗോപീചന്ദ് തന്നെയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ശരീരത്തിനു ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ആയിരുന്നു സിന്ധു എപ്പോഴും കഴിക്കുന്നത്. മത്സരത്തിനു ശേഷമാണ് അവൾ തൈരും പഞ്ചസാരയും പാലും കഴിക്കുന്നത്. അതും കുറെ നാളുകൾക്ക് ശേഷം. 
 
ഒളിമ്പിക്സിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച സാക്ഷി മാലികിനും ഉണ്ട് ചില ആഹാരക്രമങ്ങൾ. കലോറി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങ‌ൾ മാത്രമാണ് സാക്ഷി കഴിച്ചിരുന്നത്. ഗോദയിൽ പിടിച്ചു നിൽക്കാൻ അതു ആവശ്യമാണല്ലോ?. സോയാബീൻ, മുളപ്പിച്ച ധാന്യങ്ങ‌ൾ, പയർവർഗങ്ങൾ, മാതളവും നാരങ്ങാനീരും ചേർത്തുണ്ടാക്കിയ പാനീയങ്ങൾ, ഉണക്കമുന്തിരി, ബദാം, പശുവിൻ പാല്, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയാണ് സാക്ഷിയുടെ ഒരു ദിവസത്തെ ആഹാരക്രമങ്ങ‌ൾ. 
 
പരിശീലക്രമങ്ങൾ:
 
രാവിലെ ഏഴുമണിക്ക് എഴുന്നേൽക്കുക, 8 മണിയാകുമ്പോൾ പ്രഭാതഭക്ഷണത്തിനായി മെസ്സിലേക്ക്. അതിനുശേഷം 8.30 മുതൽ 12 മണി വരെ പരിശീലനം. ഒരു മണിക്കൂർ നേരം വിശ്രമിക്കാം. 1 മണിക്ക് ഉച്ചഭക്ഷണം. അതിനുശേഷം 3.30 വരെ ഉറക്കം. 4.30 മുതൽ വീണ്ടും പരിശീലനം, ഇത് രാത്രി 8.30 വരെ ഉണ്ടാകും. അതിനുശേഷം അത്താഴം. ഇതാണ് ദീപ കർമാർക്കറുടെ ദിനചര്യ.
 
സിന്ധുവിന്റെ പരിശീലനം എന്നും രാവിലെ നാലു മണിക്കാണ് ആരംഭിക്കുക. വെളുപ്പിന് 7 മണി വരെ തുടർച്ചയായി പരിശീലനമായിരിക്കും. ഒരു മണിക്കൂർ വിശ്രമം, വീണ്ടും പരിശീലനം. വൈകുംനേരം മുഴുവൻ വ്യായാമമുറകളും ജിമ്മിലേക്കുമായിട്ടാണ് സിന്ധു മാറ്റിവെച്ചിരിക്കുന്നത്.
 
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സാക്ഷി. കടുത്ത പരിശീലനമായിരുന്നു അവൾക്ക് നേരിടേണ്ടി വന്നത്. മാസങ്ങൾക്ക് മുമ്പേ തന്നെ സാക്ഷി ഇതിനായി ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഒരു ദിവസം 500 സിറ്റപ്പുകൾ വരെ സാക്ഷി എടുത്തിരുന്നു. പരിശീലന സമയങ്ങളിൽ പുറത്തുപോകുകയോ കൂട്ടുകാരുമായി കാണുകയോ ചെയ്തിരുന്നില്ല. കഠിനമായ പരിശീലനമായിരുന്നു. പരിശീലനമില്ലാരിക്കുന്ന സമയങ്ങൾ കുറവായിരുന്നു, ഇനി ഉണ്ടെങ്കിൽ തന്നെ വീട്ടിൽ വെറുതെ ഇരിക്കുക മാത്രമാണ് സാക്ഷി ചെയ്തത്. കഠിന പ്രയത്നത്തിലൂടെ ചരിത്രമാകാൻ കഴിയുമെന്ന് കാണിച്ചു തരികയായിരുന്നു ഇവർ നമുക്ക്.  
Next Article