ധോണിയെ ഒഴിവാക്കുന്നോ? ടീം സെലക്ഷനില്‍ ധോണിയുടെ വാക്കിനു പുല്ലുവില!

Webdunia
ബുധന്‍, 7 ജനുവരി 2015 (11:44 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള മഹേന്ദ്രസിംഗ് ധോണിയുടെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ബിസിസിഐയും ക്രിക്കറ്റ് സെലക്ടര്‍മാരുമാണെന്ന അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തതിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തു വന്നു. ടീമംഗങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ മുഖവിലയ്ക്കെടുത്തില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
 
സിഡ്‌നിയിലായിരുന്ന ധോണി കോണ്‍ഫറന്‍സ്‌ കോളിലൂടെതാണ്‌ ചര്‍ച്ചയില്‍ സംബന്ധിച്ചത്‌. പക്ഷേ ധോണിയുടെ അഭിപ്രായങ്ങള്‍ കമ്മറ്റി അംഗീകരിച്ചില്ല. എന്നാല്‍ ഉപനായകനും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോ‌ഹ്‌ലിയുടെ അഭിപ്രായങ്ങള്‍ സെലക്ടര്‍മാര്‍ തേടിയതായും വാര്‍ത്തകളുണ്ട്. കോഹ്‌ലിയുമായി സെലക്ടര്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നു എന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. 
 
ധോണിയും കമ്മറ്റിയുമായി രണ്ട്‌ കാര്യങ്ങളിലാണ്‌ അഭിപ്രായ വ്യത്യാസം ഉണ്ടായതെന്ന്‌ റിപ്പോര്‍ട്ട്‌. ഓപ്പണറായി മുരളി വിജയ്‌യെ കൂടി ടീമില്‍ ഉള്‍പ്പെടുത്തണം, അഞ്ചാം സീമറായി മോഹിത്‌ ശര്‍മയെയോ, വരുണ്‍ ആരോണിനേയോ പരിഗണിക്കണം എന്നിവയായിരുന്നു ധോണിയുടെ നിര്‍ദേശങ്ങള്‍. എന്നാല്‍ ഇത് പരിഗണിച്ചില്ലെന്നു മാത്രമല്ല സെലക്ഷന്‍ കമ്മറ്റിയംഗം റോജര്‍ ബിന്നിയുടെ മകന്‍ സ്‌റ്റുവര്‍ട്‌ ബിന്നിയെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
 
ഓസ്‌ട്രേലിയന്‍ ടെസ്‌റ്റ് പര്യടനത്തില്‍ മുരളി വിജയ്‌ മികച്ച ഫോമിലാണ്. അതിനാല്‍ ഓസ്ട്രേലിയന്‍ സാഹചര്യവുമായി പൊരുത്തപ്പെട്ട മുരളിയെ ടീമിലെടുക്കുന്നത് ലോകകപ്പില്‍ ഗുണം ചെയ്യുമെന്നാണ് ധോണി അറിയിച്ചത്. കൂ‍ടാതെ ധോണി നായകനായ ഐ.പി.എല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സീമറാണ്‌ മോഹിത്‌ ശര്‍മ. ധോണിയുടെ നാട്ടുകാരനായ വരുണ്‍ ആരോണ്‍ ഓസീസുമായുള്ള ടെസ്‌റ്റ് ടീമില്‍ ഇടം നേടിയിരുന്നു. ഇയാളെയും സെലക്ടര്‍മാര്‍ ഒഴിവാക്കി.
 
സീമറെയോ സ്‌പെഷലിസ്‌റ്റ് ബാറ്റ്‌സ്മാനെയോ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചെവിക്കൊളളാതെയാണ്‌ ഓള്‍റൗണ്ടറായ സ്‌റ്റുവര്‍ട്‌ ബിന്നിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ ഇനി ആവശ്യമില്ല എന്ന് സെലക്ടര്‍മാര്‍ പറയാതെ പറഞ്ഞതായാണ് ഈ നടപടികളില്‍ കൂടി വ്യക്തമാകുന്നത്. അവഗണന തുടരുകയാണെങ്കില്‍ ഏകദിന ടീമില്‍ നിന്ന് മാറിനില്‍ക്കാനും ധോണി തയ്യാറായേക്കുമെന്ന് സൂചനകളുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.