രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്താനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ വീട്ടുകാവൽക്കാരിയായ സ്ത്രീ നായയെ അഴിച്ചുവിട്ടു. വടക്കൻ ബംഗളൂരുവിലെ യശ്വന്തപൂരിലാണ് സംഭവം.
വീട്ടിൽ പരിശോധന നടത്താൻ ശ്രമിക്കവെ വീട്ടിലുണ്ടായിരുന്ന മധ്യവയസ്ക നായയെ അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെയും അടുത്ത അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവരുടെയും സഹായത്തോടെ വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 2.89 കോടി രൂപ പിടിച്ചെടുത്തു. ഇതിൽ 2.25 കോടി രൂപയും പുതിയ 2000 രൂപാ നോട്ടുകളാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന പണത്തിന് രേഖകളില്ലെന്ന് വ്യക്തമായി.
അതിനിടെ, ഡൽഹി കരോൾബാഗിലെ ഒരു ഹോട്ടലിൽ പൊലീസും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ റെയ്ഡിൽ രേഖകളില്ലാത്ത 3.5 കോടി രൂപ പിടിച്ചെടുത്തു. അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളാണ് പിടിച്ചെടുത്തത്. ഇവ കൈവശം വച്ച അഞ്ചുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.