ഓപ്പറേഷന്‍ സിന്ദൂരിന് മറുപടി നല്‍കാന്‍ പാക് സൈന്യത്തിന് നിര്‍ദ്ദേശം; പാക്കിസ്ഥാനില്‍ റെഡ് അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 7 മെയ് 2025 (16:07 IST)
ഓപ്പറേഷന്‍ സിന്ദൂരിന് മറുപടി നല്‍കാന്‍ പാക് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. പാകിസ്ഥാനിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് പാകിസ്ഥാന്‍ സൈന്യം തീരുമാനിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  
 
കൂടാതെ വ്യോമപാത പൂര്‍ണമായും അടച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ആശുപത്രികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര -അന്താരാഷ്ട്ര സര്‍വീസുകള്‍ 36 മണിക്കൂറിലേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചിട്ടുണ്ട്. ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ച് പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു.
 
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തതില്‍ ഭീകരാര്‍ക്ക് പരിശീലനം നല്‍കുന്ന 83 ഏക്കറിലെ ലഷ്‌കറിന്റെയും ജയ്‌ഷെ മുഹമ്മദിന്റെയും ആസ്ഥാനമായ മസ്ജിദ് മാര്‍കസ് തൈബയും ഉള്‍പ്പെടുന്നു. പാക്കിസ്ഥാനില്‍ ഭീകരവാദത്തിന്റെ സര്‍വ്വകലാശാല എന്നാണ് ഇത് അറിയപ്പെടുന്നത്. ഭീകരവാദം വളര്‍ത്താനും ആളുകളെ റിക്രൂട്ട് ചെയ്യാനും ഉപയോഗിക്കുന്ന പ്രധാന കേന്ദ്രമാണ് മസ്ജിദ് മര്‍കസ് തൈബ. 82 ഏക്കര്‍ വിസ്തൃതിയുള്ള ഈ വിശാലമായ സമുച്ചയം ഏറെക്കാലമായി ഇന്ത്യന്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലായിരുന്നു.
 
രണ്ടായിരത്തിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അല്‍ഖ്വയ്ദ നേതാവ് ബില്‍ലാദന്‍ ഇതിന്റെ നിര്‍മാണത്തിനായി ഒരുകോടി രൂപ സംഭാവന നല്‍കിയെന്നും പറയപ്പെടുന്നുണ്ട്. അതേസമയം പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കൂടാതെ 34 പേര്‍ക്ക് പരിക്കേറ്റു. ജമ്മു കാശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. 11 മണിക്കാണ് യോഗം. അതേസമയം പാക് പഞ്ചാബ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മുസാഫറാബാദിന് വൈദ്യുതി ബന്ധം നിലച്ചു. ആശുപത്രികളും സുരക്ഷാസേനയും ജാഗ്രതയിലാണ്. യുദ്ധ ഭീതിയിലാണ് പാക്കിസ്ഥാന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍