ശ്രീകോവില്‍ തുറന്ന് വിഗ്രഹങ്ങളിലെ സ്വര്‍ണ മാല മോഷ്ടിച്ചു; തൃശൂരില്‍ മുന്‍ പൂജാരി അറസ്റ്റില്‍

രേണുക വേണു

വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (17:48 IST)
തൃശൂര്‍ ചേര്‍പ്പ് വല്ലച്ചിറ തൊട്ടിപ്പറമ്പില്‍ കുടുംബക്ഷേത്രത്തിലെ മോഷണത്തില്‍ മുന്‍ പൂജാരി അറസ്റ്റില്‍. വയനാട് കൃഷ്ണഗിരി സ്വദേശി പട്ടാശ്ശേരി വീട്ടില്‍ ബിപിന്‍ (35 വയസ്) ആണ് അറസ്റ്റിലായത്. 
 
കഴിഞ്ഞ മാസം അഞ്ചിനാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. രണ്ടു ശ്രീകോവിലുകള്‍ തുറന്ന് വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന 20 ഗ്രാം തൂക്കമുള്ള രണ്ടു നെക്ലെസുകള്‍ മോഷ്ടിക്കുകയായിരുന്നു. 
പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കാലതാമസമില്ലാതെ പിടികൂടാന്‍ കാരണം. ഇപ്പോഴത്തെ പൂജാരി പുലര്‍ച്ചെ ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. മോഷണശേഷം ശ്രീകോവിലിന്റെ വാതിലുകളിലും പടികളിലും പരിസരങ്ങളിലും മഞ്ഞള്‍ പൊടി വിതറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. 
 
ക്ഷേത്രത്തിന്റെ പുറകുവശത്തെ ഗ്രില്‍ തുറന്ന് മതില്‍ക്കെട്ടിനകത്തു കയറി ശ്രീകോവിലിന്റെ പൂട്ട് പൊളിക്കാതെയാണ് മോഷണം നടത്തിയിരിക്കുന്നത്. ഈ സൂചനകളില്‍ നിന്ന് ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. അമ്പലവുമായി ബന്ധപ്പെട്ടവരെല്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. മുന്‍ പൂജാരിയായ ബിപിനെയും പൊലീസ് നിരീക്ഷണത്തിലാക്കി. ബിപിന്റെ കൂട്ടുകെട്ടുകളും യാത്രകളും പൊലീസ് പരിശോധിച്ചു. ശാസ്ത്രീയമായ അന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ച് കൃത്യമായ തെളിവുകളോടെയാണ് അന്വേഷണ സംഘം കഴിഞ്ഞ ബുധനാഴ്ച ബിപിനെ കസ്റ്റഡിയിലെടുത്തത്. സൈബര്‍ സെല്ലിന്റ കൂടി സഹായത്തോടെയായിരുന്നു അന്വേഷണം.
 
മോഷണശേഷം രക്ഷപ്പെട്ട പ്രതി ഒരു ജ്വല്ലറിയില്‍ സ്വര്‍ണ്ണം വിറ്റിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മീനങ്ങാടി പൊലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍