ചിദംബരം നേരത്തെ ഇത് പറഞ്ഞിരുന്നുവെങ്കില്‍ തന്റെ ഭർത്താവ് ജീവിച്ചിരിക്കുമായിരുന്നു: അഫ്സൽ ഗുരുവിന്‍റെ ഭാര്യ

Webdunia
ശനി, 27 ഫെബ്രുവരി 2016 (10:04 IST)
പാർലമെന്‍റ് ആക്രമണക്കേസിൽ അഫ്സൽ ഗുരുവിന്‍റെ പങ്ക് സംശയാതീതമായി തെളിയിക്കാൻ പറ്റാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ തൂക്കിലേറ്റരുതായിരുന്നുവെന്നും ജീവപര്യന്തം നൽകിയാൽ മതിയായിരുന്നുവെന്നും മുൻ ആഭ്യന്തരമന്ത്രി പി ചിദംബരം നേരത്തെ പ്രസ്താവന നടത്തിയിട്ടുണ്ടായിരുന്നുയെങ്കില്‍ തന്‍റെ ഭർത്താവ് ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുയെന്ന് എന്ന് അഫ്സൽ ഗുരുവിന്‍റെ ഭാര്യ തബസും. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയായിരുന്നു സർക്കാർ അദ്ദേഹത്തെ രഹസ്യമായി തൂക്കിലേറ്റിയതെന്നും രാഷ്ട്രീയക്കാരുടെ വാക്കുകളിലൊന്നും തനിക്ക് ഒരുതരത്തിലുള്ള വിശ്വാസവുമില്ലെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തബസും വ്യക്തമാക്കി.

പാർലമെന്‍റ് ആക്രമണക്കേസിൽ അഫ്സൽ ഗുരുവിന്‍റെ പങ്ക് സംശയാതീതമായി തെളിഞ്ഞിട്ടില്ലെന്ന് പി ചിദംബരം കഴിഞ്ഞ ദിവസം ഇക്കണോമിക്സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ ഭർത്താവ് ഇപ്പോൾ ജീവനോടെയില്ല. പിന്നെ ചിദംബരത്തിന്‍റെ വാക്കുകൾക്ക് എന്ത് വില? തബസും ചോദിച്ചു.

അഫ്സൽ ഗുരുവിന് പിന്തുണ നൽകിക്കൊണ്ട് ജെ എൻ യുവിലെ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിലും തബസും സന്തുഷ്ടി പ്രകടിപ്പിച്ചു."ജെ എൻ യുവിലെ കുട്ടികൾ വിദ്യാഭ്യാസമുള്ളവരാണ്. അവർക്കറിയാം അഫ്സൽ ഗുരുവിനെ കുരുക്കിയതെങ്ങനെയെന്ന്. വിധിന്യായത്തിന്‍റെ പകർപ്പ് വായിച്ചിട്ടുള്ളവരാണ് അവര്‍. പുതിയ തലമുറയെ രാഷ്ട്രീയക്കാർക്ക് വിലക്ക് വാങ്ങാൻ കഴിയുന്നില്ലെന്നോർത്ത് താൻ അത്യധികം സന്തോഷിക്കുന്നു. ഗുരുവിന്‍റെ വധശിക്ഷക്കെതിരെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഉയരുന്ന ശബ്ദങ്ങൾ, അദ്ദേഹം കുറ്റക്കാരനായിരുന്നില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്." തബസും വ്യക്തമാക്കി.

കൂടാതെ കശ്മീർ വിഘടനവാദി ഗ്രൂപ്പുകളേയും തബസും വിമർശിച്ചു. അഫ്സൽ ഗുരുവിന്‍റെ ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ഒരു പ്രക്ഷോഭം പോലും അവര്‍ സംഘടിപ്പിച്ചില്ല എന്നും തബസും കുറ്റപ്പെടുത്തി.  മകൻ ഗാലിബിനും തനിക്കും സാധാരണ ജീവിതം നയിക്കാൻ കഴിയണമെന്നതാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി. അഫ്സൽ ഗുരുവിന്‍റെ മകൻ ഗാലിബ് പത്താം ക്ളാസിൽ 95 ശതമാനം മാർക്കോടെ ഉന്നതവിജയം നേടിയിരുന്നു.