എവിടെ പോയൊളിച്ചാലും അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ. വിദേശകാര്യ വക്താവ് സയിദ് അക്ബറുദീന്‍ ആണ് ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിദേശകാര്യ വക്താവ്.
1993ലെ മുംബൈ സ്ഫോടനത്തിലും മറ്റ് ഭീകരപ്രവര്‍ത്തനങ്ങളിലും ദാവൂദിന്റെ പങ്ക് വ്യക്തമാണ്. എവിടെയായാലും അയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ദവൂദ് നിയമത്തിന്റെ കയ്യില്‍ നിന്നും ഒളിച്ചു കഴിയുകയാണ്. പക്ഷേ, ഒരിക്കല്‍ അയാള്‍ പിടിക്കപ്പെട്ടും. ദാവൂദ് ഇബ്രാഹിമിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് പഴയതു തന്നെയാണ്- സയിദ് അക്ബറുദീന്‍ വ്യക്തമാക്കി.
ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ദാവൂദ് കറാച്ചിയിലുണ്ടെന്ന് സാധൂകരിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നത്. വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് സംഭാഷണം ചോര്‍ത്തിയത്. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന വാദം തള്ളുന്നതാണ് ഈ സംഭാഷണം. ദാവൂദിനെ വിട്ടുതരണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു.