നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളിലെ പെൺകുട്ടിയെ പിതാവ് വിറ്റത് മൊബൈലും സ്വർണമാലയും വാങ്ങാൻ. 1.8 ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റ സംഭവത്തിൽ തമിഴ്‌നാട് തിരുനെൽവേലി വിക്രമസിംഗപുരം സ്വദേശിയായ 38 വയസുള്ള പിതാവ് യെസൂരുദ്യരാജിനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
വിക്രമസിംഗപുരത്തിന് സമീപം അരുംഗംപെട്ടി ഗ്രാമത്തിൽ താമസിക്കുന്ന യെസൂരുദ്യരാജ്- പുഷ്പലത ദമ്പതികൾക്ക് കഴിഞ്ഞ എട്ടാം തിയതിയാണ് ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. ഇവർക്ക് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉണ്ട്. വീണ്ടും ഒരു പെൺകുട്ടി കൂടി ജനിച്ചതിൽ യുവാവ് അസംതൃപ്തനായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇക്കാരണത്താൽ ആൺകുട്ടിയെ വളർത്താനും പെൺകുട്ടിയെ വിൽക്കാനും ഇയാൾ തീരുമാനിക്കുകയായിരുന്നു. അതേസമയം കുഞ്ഞിന്റെ വിൽപനയുമായി ബന്ധപ്പെട്ട് മൂന്ന് ഇടനിലക്കാരേയും പോലീസ് പിടികൂടിയിട്ടുണ്ട്. സെൽവൻ, നെല്ലൈപ്പർ, കണ്ണൻ എന്നിങ്ങനെ മൂന്ന് ഇടനിലക്കാർ വഴിയാണ് തിരുനെൽവേലിയിലുള്ള കുട്ടികളില്ലാത്ത ദമ്പതികൾക്ക് അനധികൃതമായി കുട്ടിയെ നൽകിയതെന്ന് പോലീസ് കണ്ടെത്തി.
വില്പനയിൽ നിന്നും ലഭിച്ച തുകയിൽ നിന്നും ഒരു ലക്ഷം രൂപ കുഞ്ഞിന്റെ പിതാവിനും ബാക്കിയുള്ള എൺപതിനായിരം രൂപ ഇടനിലക്കാർക്കും എന്നായിരുന്നു ധാരണ. പക്ഷെ തങ്ങളുടെ കുട്ടിയെ വിൽക്കാനുള്ള പദ്ധതിയേക്കുറിച്ച് മാതാവായ പുഷ്പലതക്ക് അറിവുണ്ടായിരുന്നില്ല.
ആൺകുട്ടിക്കായി സ്വർണണമാലയും തനിക്ക് ഉപയോഗിക്കാൻ മൊബൈൽ ഫോണും വാങ്ങിയെത്തിയ ഭർത്താവ് ഇതിനുള്ള പണം കിട്ടിയത് മോട്ടോർ ബൈക്കും സൈക്കിളും പണയം വച്ചാണ് കണ്ടെത്തിയതെന്നാണ് ഭാര്യയോട് പറഞ്ഞത്. ഈ മാസം 18നായിരുന്നു വിൽപന നടന്നത്.
പക്ഷെ കുട്ടിയെ മാതാവ് പുഷ്പലത അന്വേഷിക്കാൻ തുടങ്ങിയതും കുത്തിവയ്പിനായി ആശുപത്രി അധികൃതർ കുട്ടിയെ തേടുകയും ചെയ്തതോടെയാണ് വിൽപനയുടെ കാര്യം പുറത്തറിയുന്നത്. മാത്രമല്ല, കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഭാര്യയുമായി യെസൂരുദ്യരാജ് ആശുപത്രിയിൽ തർക്കിക്കുകയും ചെയ്തു. ഇതോടുകൂടി ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു .
തുടർന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലിൽ കുട്ടിയെ വിറ്റ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയും ചെയ്തു. പോലീസ് പിതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ട് പോകൽ , വഞ്ചന, ഗൂഢാലോചന, തുടങ്ങിയ ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.