കോവിഡ് വാക്സിൻ വിതരണത്തിന് മാർഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (10:27 IST)
രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാർ മാർഗരേഖ പുറത്തിറക്കി. വാക്സിൻ വിതരണത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ള തയ്യാറെടുപ്പുകൾ നടത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അടിയന്തര ഉപയോഗത്തിന് അനുമതി തെടി മൂന്ന് വാക്സിൻ നിർമ്മാതാക്കൾ ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ച പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രം നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. 
 
30 കോടി പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുക. ഇതിൽ ഒരു കോടി പേർ ആരോഗ്യ പ്രവർത്തകരായിരിയ്ക്കും. സൈനികർ, അർധസൈനിക വിഭാഗങ്ങൾ, ശുചീകരണ തൊഴിലാളീകൾ എന്നിങ്ങനെ രണ്ട് കോടി പേരെയും പരിഗണിയ്ക്കും. തുടർന്ന് 50 വയസിന് മുകളിൽ പ്രായമുള്ള 26 കോടി പേർക്കും 50 വയസിന് താഴെ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ള ഒരുകോടി പേർക്കും വാക്സിൻ നൽകും. ആദ്യഘട്ടത്തിൽ ഒരു കേന്ദ്രത്തിൽ 100 പേർക്കാണ് വാക്സിൻ സ്വീകരിയ്ക്കാനാവുക, ക്രമേണ ഇത് 200 ആക്കി ഉയർത്തും.
 
കാത്തിരിപ്പ് മുറി, വാക്സിനേഷൻ മുറി, വാക്സിൻ സ്വീകരിച്ചവരെ നിരീക്ഷിയ്ക്കുന്നതിനുള്ള മുറി എന്നിങ്ങനെ മുന്ന് മുറികൾ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും സജ്ജീകരിയ്ക്കണം. ഒരു കേന്ദ്രത്തിൽ അഞ്ച് പേരടങ്ങുന്ന വാക്സിനേഷൻ ഉദ്യോഗസ്ഥരായിരിയ്ക്കും ഉണ്ടാവുക. ഗുരുതര രോഗം ഉള്ളവർക്കായി മൊബൈൽ വാക്സിനേഷന് സംവിധാനം ഒരുക്കിയേകും.   

അനുബന്ധ വാര്‍ത്തകള്‍

Next Article