വോട്ടെണ്ണല്‍ തുടങ്ങി; ബിജെപിക്ക് 15 സീറ്റുകളില്‍ മുന്‍‌തൂക്കം

Webdunia
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (09:07 IST)
ഉപതെരഞ്ഞെടുപ്പ്‌ നടന്ന 33 സംസ്‌ഥാന നിയമസഭയിലെയും മൂന്ന്‌ ലോക്‌സഭാ സീറ്റുകളിലെയും വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ 15 സീറ്റുകളില്‍ ബിജെപിക്ക് മുന്‍‌തൂക്കമുണ്ട്.  സെപ്‌തംബര്‍ 13 നാണ്‌ ഒമ്പത്‌ സംസ്‌ഥാനങ്ങളിലേക്ക്‌ മൂന്ന്‌ ലോക്‌സഭാ സീറ്റിലേക്കും മത്സരം നടന്നത്‌. ഗുജറാത്തില്‍ 9 നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി 5 സീറ്റുകളിലും കോണ്‍ഗ്രസ് 4 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു
 
പുതിയ കേന്ദ്രമന്ത്രിസഭ അധികാരത്തിലേറി മൂന്ന്‌ മാസം കഴിഞ്ഞപ്പോള്‍ നടന്ന തെരഞ്ഞെടുപ്പ്‌ ബിജെപി സര്‍ക്കാരിന്റെ ആദ്യ വിലയിരുത്തല്‍ കൂടിയാകും. പ്രധാനമന്ത്രി ഉപേക്ഷിച്ച വഡോദരയിലെ വോട്ടെണ്ണലായിരിക്കും മൂന്ന്‌ ലോക്‌സഭാ സീറ്റുകളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുക. ആറ്‌ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ഇവിടെ നേരത്തേ നരേന്ദ്രമോഡി ജയിച്ചത്‌. 
 
ഇതിന്‌ പുറമേ സമാജ്‌ വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ്‌ യാദവ്‌ മത്സരിച്ച ഉത്തര്‍പ്രദേശിലെ മെയ്‌ന്‍പുരിയാണ്‌ മറ്റൊന്ന്‌. മുലായത്തിന്റെ അനന്തിരവന്‍ തെജ്‌ പ്രതാപ്‌ സിംഗ്‌ യാദവാണ്‌ ഇവിടെ അരങ്ങേറിയിരിക്കുന്നത്‌. 
 
തെലങ്കാനയിലെ മെഡക്കാണ്‌ മറ്റൊന്ന്‌. സംസ്‌ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന്‌ കെ ചന്ദ്രശേഖര റാവു വിട്ട സീറ്റാണ്‌ ഇത്‌. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 11 സീറ്റുകള്‍, ഗുജറാത്തില്‍ ഒമ്പത്‌, രാജസ്‌ഥാനില്‍ നാല്‌, പശ്‌ചിമ ബംഗാളില്‍ രണ്ട്‌, വടക്ക്‌ കിഴക്കന്‍ മേഖലയില്‍ അഞ്ച്‌, ആന്ധ്രയില്‍ ഒന്ന്‌ എന്നിങ്ങനെയാണ്‌ വോട്ടെണ്ണല്‍.