വിശ്വാസവോട്ടില്‍നിന്ന് തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരേ കോണ്‍ഗ്രസില്‍നിന്ന് കൂറുമാറിയ ഉത്തരാഖണ്ഡ് എംഎല്‍എമാര്‍ നല്കിയ ഹര്‍ജി നൈനിറ്റാള്‍ ഹൈക്കോടതി തള്ളി. ജസ്‌റ്റീസ് യുസി ധ്യാനി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിമത എംഎല്‍എമാര്‍ പറഞ്ഞു.
ഹർജി ഹൈക്കോടതി തള്ളിയതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ സാമാജികർക്ക് വോട്ട് ചെയ്യാനാവില്ല. നാളെ രാവിലെ 11 മുതൽ ഒരു മണി വരെയാണ് ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസ വോട്ട് തേടുന്നത്. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഉത്തരാഖണ്ഡില്‍ മേയ് പത്തിന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന്റെ പിറ്റേന്നാണ് ഹൈക്കോടതി എംഎല്‍എമാരുടെ ഹര്‍ജി പരിഗണിച്ചത്.
എഴുപത് അംഗ നിയമസഭയിൽ ബിജെപിക്ക് ഇരുപത്തിയെട്ടും കോൺഗ്രസിന് ഇരുപത്തിയേഴും എം.എൽ.എമാരാണ് ഉള്ളത്. ഒമ്പത് കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് ഉത്തരാഖണ്ഡിൽ പ്രതിസന്ധി ഉടലെടുത്തത്.
ഇതോടെ സർക്കാരിനെ പിന്തുണയ്‌ക്കുന്ന എംഎൽഎമാരുടെ എണ്ണം 42ൽ നിന്ന് 33 ആയി കുറഞ്ഞു. പ്രോഗ്രസീവ് ഡെമോക്രാറിക് ഫ്രണ്ടിന്റെ ആറ് എംഎൽഎമാർ സർക്കാരിനെ പിന്തുണക്കുന്നുണ്ട്. 36 പേരുടെ പിന്തുണയാണ് സർക്കാരിന്റെ നിലനിൽപ്പിന് ആവശ്യം. ഇതോടെ മന്ത്രിസഭ രൂപീകരിക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കുകയും ചെയ്‌തു.