അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേരുമാറ്റി ചൈന, മാറ്റിയവയിൽ ഇറ്റാനഗറിനടുത്ത പ്രദേശവും

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2023 (10:18 IST)
ഇന്ത്യയെ വീണ്ടും ചൊടിപ്പിച്ച് അരുണാചൽ പ്രദേശിന് കീഴിലുള്ള പത്ത് സ്ഥലങ്ങളുടെ പേര് മാറ്റി ചൈന.ചൈന സാഗ്നാൻ എന്ന് വിശേഷിപ്പിക്കുന്ന പ്രദേശത്തെ 11 സ്ഥലങ്ങളുടെ പേരാണ് ചൈനീസ് മിനിസ്ട്രി ഓഫ് സിവിൽ അഫയേഴ്സ് പുനർനാമകരണം ചെയ്തത്. അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിന് തൊട്ടടുത്ത നഗരം കൂടി പുനർനാമകരണം ചെയ്ത സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.
 
ഭൂമിശാസ്ത്രപരമായി തിരിച്ചുള്ള പുതിയ സ്റ്റാൻഡേർഡൈസേഷൻ്റെ ഭാഗമായി ഇത് മൂന്നാം തവണയാണ് ബീജിംഗ് ഇത്തരത്തിൽ അരുണാചലിൽ പട്ടിക തയ്യാറാക്കുന്നത്. 2017ലും 2021ലും ഇത്തരത്തിൽ വിവിധ സ്ഥലങ്ങളുടെ പട്ടിക ചൈന പുറത്തിറക്കിയിരുന്നു. 11 സ്ഥലങ്ങളിൽ 5 കൊടുമുടികളും 2 ജനസാന്ദ്രത ഏറിയ പ്രദേശങ്ങളും 2 നദികളും ഉൾപ്പെടുന്നു. ചൈന അവകാശവാദം ഉന്നയിക്കുന്ന ഈ പ്രദേശങ്ങളുടെ ഭരണം നിലവിൽ ഇന്ത്യയ്ക്ക് കീഴിലാണ്. ചൈനീസ് മാപ്പിൽ സാഗ്നാൻ എന്ന പ്രദേശത്തിന് കീഴിലാണ് അരുണാചൽ പ്രദേശ് ഉൾപ്പെടുന്നത്.
 
അതേസമയം ബീജിംഗിൽ നിന്നുള്ള ഈ നടപടിയിൽ ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. അരുണാചൽ പ്രദേശ് ഇപ്പോഴും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. 2017ലും 2021ലും ഇന്ത്യ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article