പന്ത് ബാറ്റിൽ ഹിറ്റാകുന്നില്ല, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി മുംബൈ നായകൻ

തിങ്കള്‍, 3 ഏപ്രില്‍ 2023 (14:39 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനാറാം പതിപ്പിലെ ആദ്യ മത്സരം തോൽവിയോടെ തുടങ്ങി മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിൽ നാണം കെട്ട പ്രകടനം നടത്തിയ മുംബൈ ഈ സീസണിൽ പുതു ഊർജമായി തിരിച്ചുവരുമെന്നാണ് കരുതിയിരുന്നെങ്കിലും തിലക് വർമയൊഴികെ ഒരു ബാറ്റർക്കും മത്സരത്തിൽ തിളങ്ങാനായില്ല. ഇതിനിടയിൽ ഓപ്പണറായി ഇറങ്ങി നാണക്കേടിൻ്റെ ഒരു റെക്കോർഡ് കൂടി നായകൻ രോഹിത് ശർമ സ്വന്തമാക്കി.
 
മത്സരത്തിൽ പവർപ്ലേയിൽ റണ്ണുയർത്താൻ പരാജയപ്പെട്ട മുംബൈ ഓപ്പണിംഗ് സഖ്യം വലിയ സമ്മർദ്ദമാണ് മുംബൈ മധ്യനിരയ്ക്ക് സമ്മാനിച്ചത്. 10 പന്തുകൾ നേരിട്ട് വെറും ഒരു റൺസാണ് നായകൻ രോഹിത് ശർമ നേടിയത്. ഇതോടെ ഐപിഎല്ലിൽ കൂടുതൽ തവണ അഞ്ച് റൺസിന് പുറത്താകുന്ന താരമെന്ന നാണക്കേട് രോഹിത്തിൻ്റെ പേരിലായി. ഇത് അമ്പതാം തവണയാണ് താരം ഇത്തരത്തിൽ പുറത്താകുന്നത്.
 
10 പന്തിൽ നിന്നും ഒരു റൺസുമായി രോഹിത് പുറത്തായതോടെ പവർപ്ലേയിൽ ഏറ്റവും മോശം സ്ട്രൈക്ക്റേറ്റുള്ള ബാറ്ററായും രോഹിത് മാറി. അവസാന ആറ് സീസണുകളിൽ 30ന് താഴെ ബാറ്റിംഗ് ശരാശരിയിലാണ് രോഹിത് ബാറ്റ് വീശുന്നത്. കൂടാതെ ഐപിഎല്ലിൽ ഏറ്റവും ഡക്ക് കൂടുതലുള്ള ബാറ്ററെന്ന നാണക്കേടും രോഹിത്തിൻ്റെ പേരിലാണ്. 14 തവണയാണ് താരം ഐപിഎല്ലിൽ പൂജ്യനായി മടങ്ങിയിട്ടുള്ളത്. കഴിഞ്ഞ 15 ഇന്നിംഗ്സിൽ നിന്നും 17.93 ശരാശരിയിൽ 269 റൺസാണ് രോഹിത്തിൻ്റെ സമ്പാദ്യം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍