വൺ സീസൺ വണ്ടറല്ല അവൻ, ഇന്ത്യ നോക്കിവെയ്ക്കേണ്ട മധ്യനിര താരം, യുവരാജിന് ശേഷം ഇന്ത്യ പ്രതീക്ഷ വെയ്ക്കേണ്ട ഇടം കയ്യൻ
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനാറാം സീസണിൽ പതിവ് പോലെ തോൽവി കൊണ്ട് ആരംഭിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ ഈ തോൽവിക്കിടയിലും മുംബൈയ്ക്ക് ആശ്വാസമായത് തിലക് വർമ എന്ന യുവതാാരമാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ തങ്ങളുടെ എക്കാലത്തെയും മോശം പ്രകടനമാണ് മുംബൈ പുറത്തെടുത്തത്. എന്നാൽ ആ സീസണിൽ തിലക് വർമ എന്ന ബാറ്ററെ മുംബൈ കണ്ടെടുത്തിരുന്നു.
മുംബൈ വളർത്തിയെടുത്ത ഹാർദ്ദിക് പാണ്ഡ്യ,ജസ്പ്രീത് ബുമ്ര, ഇഷാൻ കിഷാൻ ശ്രേണിയിലേക്ക് തന്നെയാകും തിലകും വന്നുചേരുക എന്നത് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ ആർസിബിക്കെതിരെ തിലക് വർമ നടത്തിയ പ്രകടനം. 20 റൺസിന് മൂന്ന് വിക്കറ്റുകളെന്ന രീതിയിൽ തളർന്ന 150 റൺസ് കടക്കുമോ എന്ന് തോന്നിച്ച മുംബൈ സ്കോറിനെ 171 ലേക്കെത്തിച്ചത് 46 പന്തിൽ നിന്നും 9 ഫോറും 4 സിക്സും ഉൾപ്പടെ താരം നേടിയ 84 റൺസാണ്. മറ്റ് താരങ്ങളിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കാതെയാണ് താരം മുംബൈയെ ചുമലിലേറ്റിയത്.
സമ്മർദ്ദഘട്ടത്തിൽ റണ്ണൊഴുക്കിന് കുറവില്ലാതെ താരം നടത്തിയ പ്രകടനത്തിന് വലിയ പ്രശംസയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. താരത്തിന് പിന്തുണ ലഭിച്ചാൽ ഇന്ത്യൻ ക്രിക്കറ്റിന് വലിയ നേട്ടങ്ങൾ സമ്മാനിക്കാൻ കഴിയുന്ന താരമാകാൻ സാധിക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റിലുള്ള ഇടം കയ്യന്മാരുടെ വരൾച്ചയ്ക്ക് താരത്തിന് പരിഹാരം കാാണാൻ കഴിയുമെന്നും ആരാധകർ പറയുന്നു. വരും മത്സരങ്ങളിലും താരം മികവ് പുലർത്തുമെന്നാണ് ആരാധകർ കരുതുന്നത്.