'മദ്രസകൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്': സംസ്ഥാനങ്ങളോട് ദേശീയ ബാലാവകാശ കമ്മീഷൻ

നിഹാരിക കെ എസ്
ഞായര്‍, 13 ഒക്‌ടോബര്‍ 2024 (11:09 IST)
രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷൻ. മദ്രസകൾക്കുള്ള സഹായങ്ങൾ നിർത്തലാക്കണമെന്നും ഇനി നൽകരുതെന്നും ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങളെ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. മദ്രസകളെ കുറിച്ച് കമ്മീഷൻ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്.
 
മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ വിലയിരുത്തൽ. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
 
സംസ്ഥാനം ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്നും നിർദേശമുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മദ്രസകൾക്ക് സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് എൻ.സി.പി.സി.ആർ ചെയർമാൻ പ്രിയങ്ക് കനൂൻഗോയാണ് കത്തയച്ചത്. ഒരു ബോർഡ് പ്രവർത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്ന് പതിനൊന്ന് അധ്യായങ്ങൾ ഉള്ള കത്തിൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article