ഒരു മാസം മുമ്പ് തലയറുത്തു മാറ്റിയ നിലയില്‍ കണ്ടെത്തിയത് നടിയുടെ മൃതദേഹം; കൊലപാതകത്തിനു പിന്നില്‍ ഭര്‍ത്താവും കാമുകിയും

Webdunia
ഞായര്‍, 7 ഫെബ്രുവരി 2016 (17:05 IST)
തലയറുത്തു മാറ്റിയ നിലയില്‍ ഒരു മാസം മുമ്പ്  കണ്ടെത്തിയ മൃതദേഹം സിനിമ - സീരിയല്‍ നടിയുടേതെന്ന് സ്ഥിരീകരിച്ചു. കൊലപാതകത്തിനു പിന്നില്‍ ശശിരേഖയുടെ ഭര്‍ത്താവ് രമേശും കാമുകി കോകില്യ കശിവുമാണെന്ന് പൊലീസ് കണ്ടെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
 
ഉടലില്‍ നിന്ന് തലയറുത്തു മാറ്റിയ നിലയില്‍ കഴിഞ്ഞമാസം അഞ്ചിനാണ് ശശിരേഖയെ കണ്ടെത്തിയത്.
ശശിരേഖയുടെ തലയില്‍ ഭാരമുള്ള വസ്തു കൊണ്ട് അടിച്ച് അവരെ വീഴ്ത്തിയതിനു ശേഷമായിരുന്നു കൊലപാതകം. തലവെട്ടി മാറ്റി രാമപുരത്തെ മാലിന്യക്കൂമ്പാരത്തില്‍ തള്ളുകയായിരുന്നു. ഇവിടെ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിന്നായിരുന്നു ശശിരേഖയുടെ മൃതദേഹം കണ്ടെത്തിയത്.
 
ശശിരേഖയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. രണ്ടാഴ്ചയോളം രമേശിനെ നിരീക്ഷിച്ച ശേഷമായിരുന്നു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
 
വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവുമായിരുന്ന ശശിരേഖയെ 2014 ഓഗസ്റ്റില്‍ ആയിരുന്നു രമേശ് വിവാഹം ചെയ്തത്. എന്നാല്‍ കോകില്യയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും നിരന്തരം കലഹം ഉണ്ടായിരുന്നു. രമേശിനെതിരെ ശശിരേഖ കേസുകള്‍ നല്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിനു കാരണമെന്നാണ് കരുതുന്നത്.