ട്രെയിൻ യാത്രയില്‍ സഹയാത്രക്കാരിയെ അപമാനിക്കാൻ ശ്രമിച്ച സൈനികൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ പ്രമോദ് നായർ (34) ആണ് അറസ്റ്റിലായത്. ഡല്‍ഹി - തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്.
ഞായറാഴ്ച രാത്രി പത്തരയോടെ ട്രെയിൻ കാട്പാടി സ്റ്റേഷനിൽ നിന്നു പുറപ്പെട്ടയുടനെയാണു സംഭവം നടന്നത്. തിരുവണ്ണാമല സ്വദേശിയും കോളജ് വിദ്യാർഥിനിയുമായ ഇരുപത്തിമൂന്നുകാരിയെയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ട്രെയിൻ ജോലാർപേട്ട് സ്റ്റേഷനിൽ എത്തിയ സമയത്ത് പെൺകുട്ടി പൊലീസിൽ പരാതി നൽകി. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കരസേനയിലെ ഹവിൽദാറാണ് അറസ്റ്റിലായ പ്രമോദ്. തിരുവനന്തപുരത്തേക്കുളള യാത്രയിലായിരുന്നു അദ്ദേഹം. തിരുപ്പതി ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു പെണ്‍കുട്ടി. കോയമ്പത്തൂരിലെ കോളജിലേക്കു പോകേണ്ടതിനാലാണ് പെണ്‍കുട്ടി കാട്പാടിയില്‍ ഇറങ്ങാതിരുന്നത്.