അഗസ്‌റ്റ വെസ്റ്റ്ലാൻഡ് അഴിമതി: വ്യോമസേന മുൻ മേധാവി ത്യാഗി അറസ്റ്റിൽ

Webdunia
വെള്ളി, 9 ഡിസം‌ബര്‍ 2016 (20:04 IST)
മുൻ വ്യോമസേനാ തലവൻ എസ്.പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു. അഗസ്‌റ്റ വെസ്റ്റ്ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ സഹോദരൻ ജൂലി ത്യാഗിയേയും അറസ്റ്റ് ചെയതു. 3,600 കോടി രൂപയുടെ അഗസ്‌റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.

2005 ഡിസംബർ 31 മുതൽ 2007 വരെ ത്യാഗി വ്യോമസേനാ മേധാവി ആയിരിക്കെയാണ് അഗസ്‌റ്റ വെസ്റ്റ്‌ലാൻഡ് വിവിഐപി കോപ്റ്ററുകൾ വാങ്ങാൻ തീരുമാനിക്കുന്നത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മെയ് മാസത്തിൽ ത്യാഗിയെ സിബിഐ തുടർച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു.

ത്യാഗിയുടെ സഹോദരന്‍ സഞ്ജീവ് ത്യാഗിയെ കൂടാതെ ഡല്‍ഹിയിലെ അഭിഭാഷകന്‍ ഗൗതം ഖെയ്താന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോപ്റ്ററുകൾക്ക് 6,000 മീറ്റർ പറക്കാൻ ശേഷിയുണ്ടായിരിക്കണം എന്ന വ്യവസ്ഥ ഇളവു ചെയ്തു 4,500 മീറ്റർ മതി എന്നു കുറച്ചതു ത്യാഗിയാണ്. ഈ ഇളവു വരുത്തിയതു കാരണമാണ് അഗസ്‌റ്റ വെസ്റ്റ്‌ലാൻഡിനു കരാറിൽ പങ്കെടുക്കാൻ യോഗ്യത കൈവന്നത്.

അഗസ്‌റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിലെ ഇറ്റാലിയൻ മധ്യസ്ഥന്മാരായിരുന്ന ഗൈഡോ റാൽഫ് ഹാഷ്ച്കേ, കാർലോ ജെറോസ എന്നിവരെ പലതവണ കണ്ടിരുന്നു എന്നു സിബിഐയുടെ ചോദ്യം ചെയ്യലിൽ ത്യാഗി സമ്മതിച്ചിരുന്നു.
Next Article