ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അമ്മയും രണ്ടു പെൺമക്കളും വെന്തുമരിച്ചു. കിഴക്കൻ ഡൽഹിയിലെ അക്ഷർധാം മേൽപ്പാലത്തിൽ ഞായറാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. കാർ ഓടിച്ചിരുന്ന ഭർത്താവ് ഉപേന്ദൻ മിശ്രയും ഒരു മകളും രക്ഷപെട്ടു. ഭാര്യ അഞ്ജന മിശ്ര മക്കളായ രിഥി, നിക്കി എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന സിഎൻ ജി ചോർന്നതാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ ബോണറ്റിൽ നിന്ന് ചെറിയ തീപ്പൊരി വന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉപേന്ദൻ കാർ നിർത്തി പരിശോധിക്കാനായി റോഡിനരികിലേക്ക് മാറ്റി നിർത്തുന്നതിനുമുൻപേ തന്നെ പിന്നിൽ നിന്നും തീപടരുകയായിരുന്നു.
പെട്ടന്നു തന്നെ മൂന്നു വയസ്സുകാരി മകളെയും വാരിയെടുത്ത് ഉപേന്ദൻ പുറത്തുചാടി. എന്നാൽ ഭാര്യയുടെ ഡോർ തുറക്കാൻ ഇയാൾക്കു സാധിച്ചില്ല. റോഡിലൂടെ പോകുന്നവരോട് സഹായം അഭ്യർഥിച്ചെങ്കിലും ആരും രക്ഷപെടുത്താൻ ആദ്യം കൂട്ടാക്കിയില്ല.
പിന്നീട് സഹായിക്കാൻ ചിലർ ശ്രമിച്ചെങ്കിലും തീ ആളിപടർന്നതിനെ തുടർന്ന് കാറിനു സമീപം അടുക്കാൻ സാധിച്ചില്ല. അഗ്നിശമന സേന വന്നു തീ അണച്ചപ്പോഴേക്കും ഭാര്യയും മകളും പൂർണ്ണമായി വെന്തിരുന്നു. കുടുംബമായി ക്ഷേത്രത്തിലേക്കു പോകവെയായിരുന്നു അപകടം.